ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ അടുത്തയാഴ്ച നടക്കുന്ന ലോക നേതാക്കളുടെ വാർഷിക സമ്മേളനത്തിൽ പലസ്തീൻ പ്രസിഡണ്ടിന് നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. പലസ്തീൻ പ്രസിഡന്റിന് അമേരിക്ക വിസ നിഷേധിച്ചതിനാലാണ് ഇവൻ പരിപാടിയിൽ എത്താൻ കഴിയാത്തത്. ഇതോടെ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് വീഡിയോ കോളിലൂടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഐക്യരാഷ്ട്രസഭ അനുമതി നൽകി.
വെള്ളിയാഴ്ച യുഎൻ നടത്തിയ പൊതു വോട്ടെടുപ്പിലൂടെയാണ് മഹമൂദ് അബ്ബാസിന് വീഡിയോ കോളിലൂടെ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ലഭ്യമായത്. പ്രമേയത്തിന് അനുകൂലമായി 145 വോട്ടുകളും എതിർത്ത് അഞ്ച് വോട്ടുകളും ലഭിച്ചു. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ ശേഖരിക്കുന്നതിനായി ഫ്രാൻസും സൗദി അറേബ്യയും ചേർന്ന് തിങ്കളാഴ്ച വിളിച്ചുചേർത്ത ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയിലും പലസ്തീൻ പ്രസിഡന്റ് വീഡിയോ കോളിലൂടെ പങ്കെടുക്കും.
പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെയും വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള പലസ്തീൻ അതോറിറ്റിയിലെയും അംഗങ്ങൾക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിസ നൽകില്ല എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പലസ്തീൻ പ്രസിഡന്റ് ഉൾപ്പെടെ 80ലേറെ ഉന്നത പലസ്തീൻ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചിരിക്കുന്നത്. ഓസ്ലോ ഉടമ്പടി പ്രകാരമുള്ള അവരുടെ പ്രതിബദ്ധതകൾ പാലിക്കാത്തതിനും സമാധാനത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തിയതിന്റെയും പേരിലാണ് പലസ്തീനിൽ നിന്നുള്ളവർക്ക് വിസ നിഷേധിക്കുന്നത് എന്ന് യുഎസ് നയതന്ത്രജ്ഞൻ ജോനാഥൻ ഷ്രിയർ പറഞ്ഞു.
Discussion about this post