2025 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ ടീമിന്റെ മോശം ഫീൽഡിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ രസകരമായ മറുപടി ചർച്ചയാകുന്നു. “ഫീൽഡിംഗ് കോച്ച് ടി ദിലീപ് തന്റെ മുന്നിൽ ഹാജരാകാൻ ചില താരങ്ങൾക്ക് ഇമെയിൽ അയച്ചിട്ടുണ്ട്” എന്ന് സൂര്യകുമാർ പറഞ്ഞു. ദുബായിൽ നടന്ന സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരായ ആറ് വിക്കറ്റ് വിജയത്തിലേക്ക് അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും തമ്മിലുള്ള മികച്ച സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ സഹായിച്ചത്.
എന്നിരുന്നാലും, ഗ്രുപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരായ വിജയം പോലെ അത്ര എളുപ്പം ഉള്ള ഒന്നായിരുന്നില്ല ഇത്തവണത്തെ ഇന്ത്യയുടെ വിജയം എന്ന് പറയാം. കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവരുൾപ്പെടെ പല താരങ്ങളും എളുപ്പമുള്ള ക്യാച്ചുകൾ കൈവിട്ടും ഫീൽഡിങ്ങിൽ മോശം പ്രകടനമാണ് നടത്തിയത്. ഇത് പാകിസ്ഥാന് 20 ഓവറിൽ 171/5 എന്ന മികച്ച സ്കോർ നേടാൻ സഹായിച്ചു.
മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ സൂര്യകുമാർ ഇങ്ങനെ, “ഫീൽഡിംഗ് പരിശീലകൻ ഇതിനകം തന്നെ ചോരുന്ന കൈകൾ ഉള്ള താരങ്ങൾക്ക് തന്നെ വന്ന് കാണാൻ പറഞ്ഞ് മെയ്ൽ അയച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ ഇത് കളിയുടെ ഭാഗമാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെ സംഭവിച്ചതിനാൽ എനിക്ക് അതിൽ സന്തോഷമുണ്ട്, നമുക്ക് കൂടുതൽ പ്രധാനപ്പെട്ട മത്സരങ്ങൾ മുന്നിലുണ്ട്.” അദ്ദേഹം പറഞ്ഞു.
എന്തായാലും ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂർണമെന്റിൽ രണ്ടാം തവണയും ബദ്ധവൈരികളെ തോൽപ്പിക്കുക ആയിരുന്നു. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഗ്രുപ്പ് ഘട്ട മത്സരത്തിൽ നിന്ന് വ്യത്യസ്തമായി, മികച്ച പോരാട്ടവീര്യം കാണിക്കുന്ന പാകിസ്താനെ മത്സരത്തിൽ കാണാൻ സാധിച്ചു. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ പാക് ഇന്ത്യൻ ബോളർമാർക്ക് ശരിക്കും തലവേദന തന്നെയാണ് സമ്മാനിച്ചത്. സൂപ്പർ ബോളർ ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങളുടെ മികവോ തലപൊക്കമോ ഒന്നും പരിഗണിക്കാതെ അവരെ അടിച്ചുതകർത്ത പാകിസ്ഥാൻ മികച്ച സ്കോർ തന്നെയാണ് ഉയർത്തിയത്. എന്നാൽ ബാറ്റിംഗ് അനുകൂല ട്രാക്കിൽ ഇന്ത്യക്ക് എത്തിപ്പെടാൻ പറ്റാത്ത സ്കോർ അല്ല ഇത് എന്ന് പാകിസ്ഥാന് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയപ്പോൾ മനസിലായി. ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരും പവർ പ്ലേ ഓവറിൽ കത്തികയറിയതോടെ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു.
ഒമ്പതാം ഓവറിൽ തന്നെ നൂറ് റൺസ് പിന്നിട്ട ഇന്ത്യ പെട്ടെന്ന് തന്നെ ജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ പത്താം ഓവറിൽ ഗില്ലിനെ ബൗൾഡാക്കി ഫഹീം അഷ്റഫ് പാകിസ്ഥാന് നിർണയാക വിക്കറ്റ് നൽകി. 28 പന്തിൽ നിന്ന് 47 റൺസെടുത്താണ് ഗിൽ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യനായി മടങ്ങി. എന്നാൽ ഇന്ത്യൻ ഇന്നിങ്സിലെ ഹീറോയായത് അഭിഷേക് ശർമ്മ ആയിരുന്നു. ടൂർണമെന്റിലെ മികച്ച ഫോം തുടർന്ന അഭിഷേക് 39 പന്തിൽ 74 റൺ എടുത്തു.
Discussion about this post