ന്യൂയോർക്ക് : ഹമാസ് ആയുധം വെച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹമാസ് ഇസ്രായേലിൽ നടത്തിയ ഒക്ടോബർ 7 കൂട്ടക്കൊലയെ പലസ്തീൻ പ്രസിഡന്റ് അപലപിച്ചു.
“2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ, സിവിലിയന്മാരെ കൊല്ലുന്നതിനെയും തടങ്കലിൽ വയ്ക്കുന്നതിനെയും ഞങ്ങൾ അപലപിക്കുന്നു. ഗാസ ഭരിക്കുന്നതിൽ ഹമാസിന് ഒരു പങ്കും ഉണ്ടായിരിക്കില്ല. ഹമാസും മറ്റ് വിഭാഗങ്ങളും അവരുടെ ആയുധങ്ങൾ പലസ്തീൻ അതോറിറ്റിക്ക് മുന്നിൽ സമർപ്പിച്ച് കീഴടങ്ങണം” എന്നും പലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ അറിയിച്ചു.
അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പലസ്തീൻ പ്രസിഡന്റ് ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിൽ പങ്കെടുത്തിരുന്നത്. ഉച്ചകോടിയിൽ യുകെയും ഫ്രാൻസും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചു.
Discussion about this post