ഐക്യരാഷ്ട്രസഭയിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യയുടെ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്താനെ നിർത്തിപ്പൊരിച്ചത്. പാകിസ്താൻ സ്വന്തം ജനതയ്ക്ക് മേൽ ബോംബെറിഞ്ഞുവെന്നും ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനായി ഫോറം ദുരുപയോഗം ചെയ്യുകയാണെന്നും ത്യാഗി ആരോപിച്ചു.
യുഎൻഎച്ച്ആർസി സെഷന്റെ അജണ്ട ഇനം 4 വേളയിൽ സംസാരിച്ച ക്ഷിതിജ് ത്യാഗി’പാകിസ്താൻ ഉന്നയിക്കുന്നത്, ഇന്ത്യയ്ക്കെതിരായ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകളെന്ന് തള്ളിക്കളഞ്ഞു.
ഒരു പ്രതിനിധി സംഘം ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തി ഈ ഫോറത്തെ ദുരുപയോഗം ചെയ്യുന്നത് തുടരുന്നു,’ ത്യാഗി പറഞ്ഞു. ‘നമ്മുടെ പ്രദേശം മോഹിക്കുന്നതിനുപകരം, അവർ നിയമവിരുദ്ധമായ അധിനിവേശത്തിലുള്ള ഇന്ത്യൻ പ്രദേശം ഒഴിപ്പിച്ച് ജീവൻ നിലനിർത്തുന്ന ഒരു സമ്പദ്വ്യവസ്ഥയെ, സൈനിക ആധിപത്യത്താൽ സ്തംഭിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയെ, പീഡനത്താൽ കറപിടിച്ച മനുഷ്യാവകാശ രേഖയെ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഒരുപക്ഷേ അവർ തീവ്രവാദം കയറ്റുമതി ചെയ്യുന്നതിൽ നിന്നും, യുഎൻ നിരോധിത തീവ്രവാദികളെ സംരക്ഷിക്കുന്നതിൽ നിന്നും, സ്വന്തം ആളുകളെ ബോംബാക്രമണം ചെയ്യുന്നതിൽ നിന്നും സമയം കണ്ടെത്തിയാൽ നല്ലതായിരിക്കുമെന്ന് ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
പാകസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ തിറ താഴ്വരയിലെ മത്രെ ദാര ഗ്രാമത്തിൽ പാക് വ്യോമസേന നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 30 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ രൂക്ഷ വിമർശനം. പാക് വ്യോമാക്രമണത്തിൽ ഗ്രാമത്തിന്റെ ഒരു ഭാഗം തകർന്നുപോയിരുന്നു.
Discussion about this post