ന്യൂഡൽഹി : യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ പുതിയ കേസെടുത്ത് ദേശീയ അന്വേഷണ ഏജൻസി. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുന്നത് തടയാൻ പാരിതോഷികം വാഗ്ദാനം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. മോദി ത്രിവർണ്ണ പതാക ഉയർത്തുന്നത് തടഞ്ഞാൽ 11 കോടി രൂപ പ്രതിഫലം നൽകുമെന്നായിരുന്നു പന്നൂൻ പ്രഖ്യാപിച്ചിരുന്നത്.
ആഗസ്റ്റ് 10 ന് പാകിസ്താനിലെ ലാഹോർ പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയിലാണ് നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ ജനറൽ കൗൺസിലായ പന്നൂൺ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘സിഖ് സൈനികർ’ മോദി ത്രിവർണ പതാക ഉയർത്തുന്നത് തടയണം എന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയ്‌ക്കെതിരെ സിഖുകാർക്കിടയിൽ വിദ്വേഷം പരത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും എൻഐഎ പന്നൂനെതിരെ കേസെടുത്തിട്ടുണ്ട്.
ഖലിസ്ഥാനി ഭീകരൻ തന്റെ പ്രസംഗത്തിനിടെ പുതിയ ഖലിസ്ഥാന്റെ ഭൂപടം അനാച്ഛാദനം ചെയ്തതായും പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവ അതിൽ ഉൾപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തതായും എൻഐഎ എഫ്ഐആറിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പന്നൂനെതിരെ എൻഐഎ കേസ് ഫയൽ ചെയ്തത്. ‘കുറ്റകൃത്യത്തിന്റെ ഗൗരവം, അതിന്റെ ദേശീയ, അന്തർദേശീയ പ്രത്യാഘാതങ്ങൾ, വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്ത്, ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കേണ്ടതുണ്ട്’ എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. എൻഐഎ എഫ്‌ഐആറിൽ പന്നൂനെയും ചില അജ്ഞാത വ്യക്തികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post