ന്യൂഡൽഹി : പകർപ്പവകാശ കേസിൽ എ ആർ റഹ്മാന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് ആശ്വാസവിധി. രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ച സിംഗിൾ ജഡ്ജി ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2023-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ 2 (PS2) ലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ടാണ് സംഗീത സംവിധായകൻ എ ആർ റഹ്മാനെതിരെ കോപ്പിയടി വിവാദം ഉയർന്നിരുന്നത്. വിഷയത്തിൽ പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹർജി നൽകിയിരുന്നത് ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ ആണ്.
പത്മശ്രീ അവാർഡ് ജേതാവും ക്ലാസിക്കൽ ഗായകനുമായ ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ തന്റെ പിതാവ് ചിട്ടപ്പെടുത്തിയ ശിവസ്തുതി ഗാനം എ ആർ റഹ്മാൻ കോപ്പിയടിച്ചതായാണ് ആരോപിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് നാസിർ ഫയാസുദ്ദീൻ ദാഗറും അമ്മാവൻ സാഹിറുദ്ദീൻ ദാഗറും ചേർന്ന് സൃഷ്ടിച്ചിരുന്ന ശിവസ്തുതിയുടെ പകർപ്പാവകാശം റഹ്മാൻ ലംഘിച്ചതായി പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഈ കേസിൽ, ഏപ്രിൽ 25 ന് സിംഗിൾ ജഡ്ജി ആദ്യം ദാഗറിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. റഹ്മാനും സിനിമയുടെ നിർമ്മാതാക്കളും എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഡാഗർ സഹോദരന്മാർക്ക് ക്രെഡിറ്റ് നൽകണമെന്നും രണ്ട് ലക്ഷം രൂപ ചെലവ് ചുമത്തുകയും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകുകയും വേണം എന്നുമായിരുന്നു ഇടക്കാല ഉത്തരവ് ഉണ്ടായിരുന്നത്. ഇതിനെതിരായാണ് എ ആർ റഹ്മാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
Discussion about this post