ലേ : ഭരണകൂടം തന്നെ ജയിലിൽ അടയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണെന്ന് ലഡാക്ക് പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്ക്. സോനം വാങ്‌ചുക്കിന്റെ അടുത്തിടെയുള്ള പാകിസ്താൻ സന്ദർശനവും വിദേശ ധനസഹായം സ്വീകരിക്കലുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്നെ ജയിലിൽ അടച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ സർക്കാർ നേരിടേണ്ടി വരും എന്നും അദ്ദേഹം ഭീഷണി മുഴക്കി. പുറത്തുള്ള വാങ്‌ചുകിനേക്കാൾ സർക്കാരിന് പ്രശ്നമാവും ജയിലിലുള്ള വാങ്‌ചുക്ക് എന്നും അദ്ദേഹം പ്രതികരിച്ചു.
ബുധനാഴ്ചത്തെ അക്രമത്തിന് തന്നെ കുറ്റപ്പെടുത്തുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന വാങ്ചുക്ക് തള്ളി. യഥാർത്ഥ പ്രശ്നം അവഗണിച്ചുകൊണ്ട് സർക്കാർ ബലിയാടുകളെ തിരയുകയാണ്. യുവാക്കളുടെ രോഷവും ദീർഘകാലമായി അവഗണിക്കപ്പെട്ട ആവശ്യങ്ങളുമാണ് അക്രമത്തിന് കാരണം. പൊതുസുരക്ഷാ നിയമം (പിഎസ്‌എ) പ്രകാരം എന്നെ രണ്ട് വർഷത്തേക്ക് ജയിലിലടയ്ക്കാനുള്ള ഒരുക്കങ്ങൾ ആണ് നടന്നുവരുന്നത് വാങ്‌ചുക്ക് പ്രതികരിച്ചു.
സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ വിപുലീകരണം എന്നീ ആവശ്യങ്ങൾ ഭരണകൂടം പരിഗണിച്ചില്ല എന്ന് വാങ്‌ചുക്ക് കുറ്റപ്പെടുത്തി. സർക്കാർ ഭാഗിക സംവരണത്തിന്റെ വേഷം കെട്ടിയിരിക്കുകയാണ്. കുറ്റപ്പെടുത്തലിന്റെ രാഷ്ട്രീയം കളിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. ഈ നീക്കം സമാധാനത്തിന് വഴിയൊരുക്കില്ല, മറിച്ച് സ്ഥിതിഗതികൾ വഷളാക്കുകയാണ് ചെയ്യുക എന്നും സോനം വാങ്‌ചുക്ക് അഭിപ്രായപ്പെട്ടു.
Discussion about this post