ന്യൂഡൽഹി : ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) FCRA ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ. സംഘടനയ്ക്ക് ഇനി വിദേശ സംഭാവനകളോ സാമ്പത്തിക സഹായമോ സ്വീകരിക്കാൻ കഴിയില്ല. ബുധനാഴ്ച ലഡാക്കിൽ നടന്ന പ്രക്ഷോഭത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം എന്നുള്ളത് ശ്രദ്ധേയമാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമം പ്രകാരമാണ് എൻജിഒയുടെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. ക്രമരഹിതമായ നിക്ഷേപങ്ങൾ, എഫ്‌സിആർഎ അക്കൗണ്ടിലെ പ്രാദേശിക ഫണ്ടുകൾ, പരമാധികാര പഠനങ്ങൾക്കുള്ള വിദേശ ധനസഹായം എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
നേപ്പാളിൽ നടന്ന ജെൻ സി പ്രതിഷേധത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി വാങ്ചുക്ക് ലഡാക്കിൽ നിരാഹാര സമരം നടത്തിയിരുന്നു. അറബ് വസന്തത്തെക്കുറിച്ചും നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെക്കുറിച്ചും ഇദ്ദേഹം തുടർച്ചയായ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടത്തിക്കൊണ്ട് അണികളുടെ വികാരം ഇളക്കി വിടാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലഡാക്കിലെ വിദ്യാഭ്യാസ പരിഷ്കരണം, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രവർത്തിച്ചുവന്നിരുന്ന ഒരു എൻജിഒയുടെ സ്ഥാപകൻ കൂടിയാണ് സോനം വാങ്ചുക്ക്. ബുധനാഴ്ച ഇദ്ദേഹത്തിന്റെ പിന്തുണയോടെ നടന്ന പ്രതിഷേധങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Discussion about this post