ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയപ്പോൾ സഞ്ജു സാംസൺ എന്ന മലയാളികളുടെ പ്രിയ താരത്തിന് ഭാവിയിൽ കിട്ടാൻ പോകുന്ന അവസരങ്ങളെക്കുറിച്ച് ആയിരുന്നു ക്രിക്കറ്റ് ലോകം ചർച്ച ചെയ്തിരുന്നത്. ” നീ എത്ര തവണ പൂജ്യനായി മടങ്ങിയാലും നീ എന്റെ ടീമിൽ ഉണ്ടാകും” എന്ന ഗൗതം ഗംഭീർ സഞ്ജുവിന് കൊടുത്ത വാക്ക് അത്രമേൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ ഗൗതം ഗംഭീറിന്റെ ചെയ്തികളും മുൻ പരിശീലകരുടേതിന് സമാനമായ രീതിയിൽ പോകുന്നതാണ് കാണാൻ സാധിക്കുന്നത്.
ഏഷ്യാ കപ്പിലേക്ക് വരുന്നതിന് മുമ്പ് സമാപിച്ച കേരള പ്രീമിയർ ലീഗിൽ മിന്നുന്ന ഫോമിൽ ആയിരുന്ന സഞ്ജു സാംസൺ എന്താണ് ടി 20 യിൽ തനിക്ക് ചെയ്യാൻ പറ്റുന്നത് എന്ന് ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തതാണ്. ഗില്ലിനെ പോലെ ഭാവിയിൽ ഇന്ത്യ കോഹ്‌ലിക്ക് പകരം സൂപ്പർതാരമായി കാണുന്ന താരത്തിന് കൂടുതൽ അവസരങ്ങൾ കൊടുക്കുന്നത് മനസിലാക്കാവുന്നതേ ഉള്ളു എങ്കിലും മൂന്ന്, നാല് നമ്പറിൽ വരെ മികച്ച റെക്കോഡ് ഉള്ള സഞ്ജുവിന് എന്ത് കൊണ്ട് അവിടെ പോലും അവസരം നൽകുന്നില്ല എന്ന് മനസിലാകുന്നില്ല. ടി 20 ടീമിൽ നിന്ന് ഒരിക്കലും പുറത്താക്കപ്പെടാൻ പോലും സാധ്യത ഇല്ലാത്ത സൂര്യകുമാർ കളിക്കുന്ന മൂന്നാം നമ്പർ സ്ഥാനത്ത് ഒകെ സഞ്ജുവിനെ സുഖമായി പരീക്ഷിക്കാവുന്ന സാഹചര്യത്തിൽ അതിന് പോലും ടീം മുതിരുന്നില്ല.
ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിൽ ഇന്ത്യ എളുപ്പത്തിൽ ജയിച്ചപ്പോൾ അവിടെ സഞ്ജുവിന് ബാറ്റിംഗിൽ അവസരം കിട്ടുന്നില്ല. ശേഷം ഒമാനെതിരായ അപ്രധാന മത്സരത്തിൽ സൂര്യകുമാർ സ്ഥാനം വിട്ട് നൽകിയപ്പോൾ സഞ്ജു അവിടെ കളത്തിൽ ഇറങ്ങി അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കും വഹിച്ചു മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതാണ്. ശേഷം പാക്കിസ്ഥാനെതിരായ സൂപ്പർ 4 മത്സരത്തിൽ താരത്തിനെ ഇറക്കുന്നത് അഞ്ചാം നമ്പറിൽ, സഞ്ജുവിന് അത്ര നല്ല റെക്കോഡ് ഇല്ലാത്ത ആ സ്ഥാനത്ത് ഇറങ്ങിയ താരം തിളങ്ങിയതും ഇല്ല. പിന്നാലെ ബംഗ്ലാദേശിനെതിരായ പോരാട്ടം വരുന്നു, ഓപ്പണിങ്ങിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം ഗിൽ മടങ്ങുമ്പോൾ മൂന്നാം നമ്പറിൽ ഇറങ്ങിയത് ശിവം ദുബൈയെ, താരം 2 റൺ നേടി പുറത്താകുന്നു. നാലാം നമ്പറിൽ സൂര്യകുമാർ ഇറങ്ങി നേടിയത് 5 റൺസ്. ശേഷം അഞ്ചാം നമ്പറിൽ ഇറങ്ങിയത് ഹാർദിക്കും ആറാം നമ്പറിൽ തിലക് വർമ്മയും ശേഷം അക്‌സർ പട്ടേലും ഒകെയാണ്. ഇതിൽ ഹർദിക് ഒഴിച്ച് ആരും തിളങ്ങിയില്ല എന്നതാണ് ഏറ്റവും കൗതുകം.
റിഷാദ് ഹുസൈനെ പോലെ ഉള്ള ബംഗ്ലാദേശ് സ്പിന്നർമാരെ നന്നായി നേരിടാനാണ് ശിവം ദുബൈയെ മൂന്നാം നമ്പറിൽ ഇറക്കിയത് എന്നാണ് സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞ ന്യായീകരണം. ഇതേ റിഷാദ് ഹുസൈനെ കഴിഞ്ഞ വർഷം ഒരോവറിൽ 5 സിക്സ് അടിച്ച സഞ്ജുവിനെ അദ്ദേഹം എന്ത് കൊണ്ട് ശ്രദ്ധിച്ചു പോലും ഇല്ല എന്നതാണ് ചോദ്യം. ഇത് ഇപ്പോൾ ഇലവനിൽ ഇറങ്ങി കീപ് ചെയ്യുന്നു എങ്കിലും ഫലത്തിൽ ബെഞ്ചിൽ ഇരിക്കുന്ന പോലെയാണ് സഞ്ജുവിന്റെ കാര്യം.
നാളെ ഒരുപക്ഷെ സ്പിന്നർ വരുൺ ചക്രവർത്തി ഓപ്പണറായി വരുന്ന ടീമിനെ നമുക്ക് കാണാൻ സാധിക്കും , അവിടെ സഞ്ജുവായിരിക്കും പത്താം നമ്പറിൽ ബാറ്റ് ചെയ്യുക.
Discussion about this post