ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ. എംഎസ് ധോണിയുടെ റെക്കോർഡാണ് സഞ്ജു മറികടന്നത്. 48 ഇന്നിംഗ്സുകളിൽ നിന്ന് 55 സിക്സറുകൾ നേടിയ സാംസൺ, 85 ഇന്നിംഗ്സുകളിൽ നിന്ന് 52 സിക്സറുകൾ നേടിയ ധോണിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. 66 ഇന്നിംഗ്സുകളിൽ നിന്ന് 44 സിക്സറുകളുമായി ഋഷഭ് പന്ത് മൂന്നാം സ്ഥാനത്തും 32 ഇന്നിംഗ്സുകളിൽ നിന്ന് 36 സിക്സറുകളുമായി ഇഷാൻ കിഷൻ നാലാം സ്ഥാനത്തുമാണ്.
ഏഷ്യാ കപ്പിന് മുമ്പ്, അഭിഷേക് ശർമ്മ – സഞ്ജു സാംസൺ സഖ്യമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ. ഓപ്പണറായി മൂന്ന് സെഞ്ച്വറികൾ ഇതിനകം സഞ്ജു നേടുകയും ചെയ്‌തു. എന്നിരുന്നാലും, ശുഭ്മാൻ ഗില്ലിന്റെ തിരിച്ചുവരവിനെത്തുടർന്ന് സഞ്ജുവിന്റെ സ്ഥാനം മധ്യനിരയിലായി. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മുൻ മത്സരത്തിൽ, എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട സഞ്ജുവിന് ഒരു പന്ത് പോലും നേരിടാൻ അവസരം ലഭിച്ചില്ല.
ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ നിർണായക സൂപ്പർ ഓവർ വിജയം ഇന്ത്യ നേടിയപ്പോൾ 39 റൺസ് നേടിയ സാംസൺ മധ്യ ഓവറുകളിൽ തന്റെ മികവ് പ്രകടിപ്പിച്ചു. ഹസരംഗയുടെ പന്തിൽ സൈറ്റ് സ്‌ക്രീനിന് മുകളിലൂടെ ഒരു തകർപ്പൻ സിക്‌സും ദസുൻ ഷനകയ്‌ക്കെതിരെ കൗ കോർണറിന് മുകളിലൂടെ ഒരു ക്ലീൻ ഹിറ്റും ഉൾപ്പെടെ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ കളിച്ച ഷോട്ടുകൾ ഒകെ മനോഹരമായിരുന്നു. സാംസണിന്റെ ഇന്നിംഗ്‌സ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി എന്നത് കണക്കുകൾ കാണിക്കുന്നു.
എന്തായാലും ടി20 ക്രിക്കറ്റിലെ ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന ഖ്യാതി സാംസൺ നേടുകയും ചെയ്‌തു.
Discussion about this post