ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ആയുധശേഖരത്തിലേക്ക് കൂടുതൽ ഇന്ത്യൻ നിർമ്മിത വ്യോമ പ്രതിരോധ മിസൈലുകൾ കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. അതിർത്തികളിൽ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ‘അനന്ത് ശാസ്ത്ര’ ഉപരിതല-വായു മിസൈൽ സംവിധാനങ്ങളുടെ അഞ്ച് മുതൽ ആറ് വരെ റെജിമെന്റുകൾ വാങ്ങുന്നതിനുള്ള ടെൻഡർ ഇന്ത്യൻ സൈന്യം ക്ഷണിച്ചു. 30,000 കോടി രൂപയുടെ ടെൻഡർ ആണ് ഇതിനായി ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച അനന്ത് ശസ്ത്ര വ്യോമ പ്രതിരോധ മിസൈൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) ആണ് നിർമ്മിക്കുന്നത്. ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ സിസ്റ്റം ആണ് അനന്ത് ശസ്ത്ര. ഈ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം പാക്-ചൈന അതിർത്തിയിൽ വിന്യസിക്കുമെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ശത്രു ഡ്രോണുകളെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അനന്ത് ശസ്ത്രയ്ക്ക് കഴിയുന്നതാണ്.
പ്രതിരോധ മേഖലയിൽ തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളാണ് ഇപ്പോൾ ഇന്ത്യ നടത്തുന്നത്. ഓപ്പറേഷൻ സിന്ദൂറിനുശേഷം കൂടുതൽ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം 30 കിലോമീറ്റർ ദൂരപരിധിയുള്ള അനന്ത് ശസ്ത്ര, MR-SAM, ആകാശ് തുടങ്ങിയ നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിച്ച് പ്രവർത്തിക്കും. പകലും രാത്രിയിലും ഒരുപോലെ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് അനന്ത് ശസ്ത്ര എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post