ലഖ്‌നൗ : ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം മുസ്ലിം മത വിഭാഗം നടത്തിയ കലാപത്തിൽ കർശന നിലപാട് സ്വീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ആരാണ് അധികാരത്തിലിരിക്കുന്നത് എന്ന് ബറേലിയിലെ മൗലാന മറന്നുപോയെന്ന് യോഗി സൂചിപ്പിച്ചു. ഇപ്പോൾ അവർക്ക് മനസ്സിലാകുന്ന ഭാഷ പ്രയോഗിച്ചു. കലാപത്തിന് ശ്രമിച്ചാൽ ഭാവി തലമുറകൾ പോലും മറക്കാത്ത ഒരു പാഠം പഠിക്കേണ്ടി വരുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ശനിയാഴ്ച ലഖ്‌നൗവിലെ ഹോട്ടൽ താജിൽ നടന്ന ‘വികസിത ഉത്തർപ്രദേശ് വിഷൻ 2047’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “2017 ന് മുൻപ് ഉത്തർപ്രദേശിൽ നടന്നുവന്നിരുന്ന രീതികൾ ആയിരുന്നു കഴിഞ്ഞ ദിവസം ബറേലിയിൽ കണ്ടത്. എന്നാൽ ഇപ്പോൾ ആരാണ് ഉത്തർപ്രദേശ് ഭരിക്കുന്നത് എന്നുള്ള കാര്യം മൗലാന മറന്നു പോയി. നഗരം ഉപരോധിക്കുമെന്ന് എപ്പോഴും ഭീഷണി മുഴക്കിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഇനി ഒരു ഉപരോധവും ഉണ്ടാകില്ല, ഒരു കർഫ്യൂവും ഉണ്ടാകില്ല എന്ന് ഞങ്ങൾ അദ്ദേഹത്തിന് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്” എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
“ചിലർക്ക് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്താൽ മാത്രമേ കാര്യങ്ങൾ പിടികിട്ടുകയുള്ളൂ. അത്തരത്തിലുള്ളവർക്ക് ഭാവി തലമുറകൾ പോലും മറന്നു പോകാത്ത പാഠങ്ങൾ പഠിക്കേണ്ടി വരും. മുൻ സർക്കാരുകൾ ഓരോ ജില്ലയിലും ഒരു മാഫിയയെ നിയോഗിച്ചിരുന്നു. അവർക്ക് ജില്ലയിൽ അധികാരം പ്രയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. ഈ കൊള്ള സംഘങ്ങളും അവരുടെ ഏജന്റുമാരും മേഖലയിലെ യുവാക്കളുടെ ജോലികൾ പോലും കൊള്ളയടിക്കുകയും സ്ഥലംമാറ്റത്തിനും നിയമനത്തിനും പോലും ലേലം വിളിക്കുകയും ചെയ്യുമായിരുന്നു. അവരുടെ അധാർമികവും നിയമവിരുദ്ധവുമായ പ്രവൃത്തികളെ ഇപ്പോൾ ഞങ്ങളുടെ സർക്കാർ പൂർണമായും ഇല്ലാതാക്കുകയാണ്. ഈ കാരണത്താൽ തന്നെ അവരുടെ അനുയായികൾ ഇപ്പോൾ അലറി വിളിക്കുകയാണ്. എട്ടര വർഷം മുമ്പ്, ‘ക്ലാസിക് ഇൻഫ്രാസ്ട്രക്ചർ’ എന്ന പദം സങ്കൽപ്പിക്കുന്നത് പോലും ഉത്തർപ്രദേശിന് ഒരു സ്വപ്നമായിരുന്നു. ഉത്സവങ്ങൾ വരുന്നതിനു മുമ്പുതന്നെ കലാപങ്ങൾ ആരംഭിക്കുമായിരുന്നു. ഇനി അതുണ്ടാകില്ല, പ്രശ്നങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നവർക്ക് അവരുടെ ഏഴു തലമുറകൾ പോലും ഓർത്തിരിക്കുന്ന പാഠങ്ങൾ ലഭിക്കും” എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Discussion about this post