കരൂരിലുണ്ടായ ദുരന്തത്തിൽ മനസ്സ് തുറന്ന് പ്രതികരണവുമായി നടൻ ജോയ് മാത്യു. ‘താരാരാധനയുടെ ബലിമൃഗങ്ങൾ; എന്ന് തുടങ്ങി ആയിരുന്നു പ്രതീകരണം. താരാധനയുടെ ബലിമൃഗങ്ങൾ എന്ന കുറിപ്പ് താരം ഫേസ്ബുക്കിലും പങ്കുവെക്കുകയായിരുന്നു. ദുരന്തത്തിൽ ഉറ്റവരെ നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ജോയ് മാത്യു, താരങ്ങൾ നമ്മളെ എല്ലാവരെയും പോലെ സാധാരണ മനുഷ്യരാണെന്നും അമാനുഷിക കഴിവുകളൊന്നും ഇല്ലാത്ത സാദാമനുഷ്യനാണെന്ന സത്യം എന്നാണ് ജനങ്ങൾ തിരിച്ചറിയുകയെന്നും ജോയ് മാത്യു ചോദിക്കുന്നു.
എംജിആർ,ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ ഒരു താരത്തെക്കാണാനും കേൾക്കാനും വന്ന് തിക്കുതിരക്കുകളിൽപ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേർ ബലിയാടുകളാകുന്നത് ആദ്യം ആണെന്നും അദ്ദേഹം വിമർശിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം:
താരാരാധനയുടെ ബലിമൃഗങ്ങൾ
——————————-
വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട് .അതിൽ പത്തിലധികം പേരും കുട്ടികൾ .എന്തൊരു ദുരന്തം ! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത്? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല.
യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രകടനമാണോ ? അല്ല.
ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്‌മ പരിഹരിക്കാനോ
അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ ?അല്ല .
എല്ലാം വിജയ് എന്ന താരത്തെ കാണാൻ കേൾക്കാൻ.
താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നും തന്നെയില്ലാത്ത സദാ മനുഷ്യനാണെന്നും മാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കൽ പരിവേഷത്തിൽ സൃഷ്ടിച്ചെടുക്കുന്ന ഒന്നാണെന്നും എന്നാണ് ഇവർ മനസ്സിലാക്കുക ? തമിഴ്നാടിനെ സംബന്ധിച്ചു ഇത്തരം ബലികൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തീവണ്ടി ബോഗികൾക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവർ നിരവധി. എംജിആർ,ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരു താരത്തെക്കാണാനും കേൾക്കാനും വന്ന് തിക്കുതിരക്കുകളിൽപ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേർ ബലിയാടുകളാകുന്നത് ആദ്യം.
അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്‍കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു.
അതേസമയം ദുരന്തത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈയ്ക്ക് മടങ്ങിയ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാക്കുകയാണ് .അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .ടിവികെയുടെ റാലിക്കിടെയുണ്ടായി ദുരന്തത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം 39 പേരാണ് മരണപ്പെട്ടത്. ഇരട്ടിയിലേറെ പേർ ഗുരുതരപരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
Discussion about this post