അബുദാബി : 2025 ലെ ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്റെ പിന്നാലെ ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പ് മത്സര ഫീസായി തനിക്ക് ലഭിച്ച മുഴുവൻ തുകയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാമിലെ ദുരിതബാധിതർക്കും നൽകും എന്നാണ് സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം നടത്തിയ പ്രവർത്തനങ്ങൾക്ക് ആദരവായിട്ടാണ് ഈ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇക്കാര്യം അറിയിച്ചത്. “ഈ ടൂർണമെന്റിൽ നിന്നുള്ള എന്റെ മാച്ച് ഫീസ് നമ്മുടെ സായുധ സേനയെയും പഹൽഗാം ഭീകരാക്രമണത്തിൽ ദുരിതമനുഭവിച്ച ഇരകളുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു. നിങ്ങൾ എപ്പോഴും എന്റെ ചിന്തകളിൽ ഉണ്ടാകും. ജയ് ഹിന്ദ്,” എന്ന് സൂര്യകുമാർ യാദവ് തന്റെ പോസ്റ്റിൽ എഴുതി.
വിജയത്തിനു ശേഷവും ഇന്ത്യൻ ടീമിന് കിരീടം ലഭിക്കാതിരുന്നതിനെക്കുറിച്ചും സൂര്യകുമാർ യാദവ് അഭിപ്രായം പങ്കുവെച്ചു. എസിസി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ ടീം കിരീടം സ്വീകരിക്കാൻ വേദിയിലേക്ക് കയറാതിരുന്നതിനാൽ, ട്രോഫി കൈമാറേണ്ടിയിരുന്ന മൊഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫിയും എടുത്തുകൊണ്ട് ഹോട്ടലിലേക്ക് പോവുകയായിരുന്നു. ആദ്യമായാണ് ഇത്തരമൊരു കാര്യം കാണുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി. “ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതിനുശേഷം, ക്രിക്കറ്റിനെ പിന്തുടരാൻ തുടങ്ങിയതിനുശേഷം, ഒരു ചാമ്പ്യൻ ടീമിന് ട്രോഫി നിഷേധിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ലാത്ത ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നു. അതും കഠിനാധ്വാനം ചെയ്ത് നേടിയത്. നമ്മൾ അർഹിക്കുന്ന ട്രോഫിയാണത്. കൂടുതലൊന്നും എനിക്ക് പറയാനാവില്ല” എന്നാണ് സൂര്യകുമാർ യാദവ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.
Discussion about this post