ഏതാനും മാസങ്ങൾക്ക് മുമ്പ്, സൂര്യകുമാർ യാദവ് എന്ന താരം തന്റെ കരിയറിലെ ഏറ്റവും മനോഹരമായ ഫോമിലൂടെയാണ് കടന്നുപോയിരുന്നത്. ഐപിഎൽ 2025 ലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയ താരം 16 ഇന്നിംഗ്‌സുകളിൽ നിന്ന് 717 റൺസ് നേടി, ഓരോ മത്സരത്തിലും 25 റൺസ് കടക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. അത്ര മികച്ച ഫോമിൽ കളിച്ച താരം ഏഷ്യാ കപ്പിലേക്ക് വന്നപ്പോൾ അതിദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്.
ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 104.22 എന്ന സ്ട്രൈക്ക് റേറ്റിൽ 72 റൺസ് മാത്രമേ ക്യാപ്റ്റൻ നേടിയുള്ളൂ. ഈ യാത്രയിൽ നാല് ഒറ്റ അക്ക സ്കോറുകൾ ഉൾപ്പെടുന്നു, അതിൽ ഫൈനലിൽ അഫ്രീദിയുടെ പന്തിൽ 1 റൺ മാത്രം നേടി പുറത്തായത് ഉൾപ്പടെ. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഇത്ര മികച്ച ഫോമിൽ കളിച്ചു വന്ന താരത്തിന് എന്താണ് സംഭവിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
താരത്തിന്റെ മോശം ഫോമിൽ ആരാധകർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ താരത്തിന് ഇതൊന്നും പ്രശ്നമല്ല. അദ്ദേഹം പറയുന്ന വാക്കുകൾ ഇങ്ങനെ:
“ഫോമിന്റെ കാര്യത്തിൽ, നെറ്റ്സിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ കൂടുതൽ വിശ്വസിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ തയ്യാറെടുപ്പിൽ ഞാൻ തൃപ്‌തനാണ്. മത്സരം ആരംഭിച്ചുകഴിഞ്ഞാൽ, എല്ലാം ഓട്ടോമാറ്റിക്കായി സംഭവിക്കുന്നു . അതിനാൽ ഞാൻ ഫോമിലല്ലെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, അങ്ങനെയല്ലെന്ന് ഞാൻ കരുതുന്നു. ഞാൻ ഫോമിലല്ല, എനിക്ക് റൺസില്ല എന്നൊക്കെ പറയുന്നതിൽ കാര്യമില്ല.” ഏഷ്യാ കപ്പ് ഫൈനലിന് ശേഷം അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ഈ വർഷത്തെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ, താരം 11 ഇന്നിംഗ്‌സുകളിൽ നിന്ന് 100 റൺസ് മാത്രമേ നേടിയിട്ടുള്ളൂ, ശരാശരി 11.11, 105.26 സ്ട്രൈക്ക് റേറ്റും. ഇന്ത്യക്ക് വേണ്ടി കളിച്ച ഫൈനലുകളിലെ അദ്ദേഹത്തിന്റെ റെക്കോർഡും അത്ര മികച്ചതല്ല. എട്ട് നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് 14.37 ശരാശരിയിൽ 115 റൺസ് മാത്രമാണ് നേടിയത്.
എന്നിട്ടും, ഇന്ത്യയുടെ മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തുടരുന്നു. താളത്തിലായിരിക്കുമ്പോൾ ഒറ്റയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട് എന്നതിൽ സംശയമില്ല. ക്യാപ്റ്റനെന്ന നിലയിൽ ഏഷ്യാ കപ്പ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന കിരീടമായിരുന്നു, റൺസ് കുറഞ്ഞെങ്കിലും, ക്യാപ്റ്റൻസി മികച്ചതായിരുന്നു. ടി20 ലോകകപ്പിന് വെറും നാല് മാസം മാത്രം ബാക്കി നിൽക്കെ, സൂര്യ ഫോം കണ്ടെത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post