ലഖ്‌നൗ : ബറേലി കലാപവുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി ഉത്തർപ്രദേശ് പോലീസ്. തിങ്കളാഴ്ച ബറേലി മുനിസിപ്പൽ കോർപ്പറേഷൻ കലാപത്തിന്റെ ആസൂത്രകരായ ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) നേതാക്കളുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഐഎംസി മേധാവി മൗലാന തൗഖീർ റാസയുടെ അടുത്ത അനുയായിയും ഐഎംസി കൗൺസിൽ ലീഡറുമായ ഡോ. നഫീസിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് ആണ് സീൽ ചെയ്തത്.
മൗലാന തൗഖീർ റാസയുടെ പാർട്ടിയായ ഐഎംസിയുടെ ഓഫീസും ഈ മാർക്കറ്റിൽ ആണ് പ്രവർത്തിക്കുന്നത്. പോലീസിന്റെ കൈ വെട്ടുമെന്ന ഡോ. നഫീസിന്റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബറേലി കലാപത്തിന് ആഹ്വാനം ചെയ്ത മൗലാന തൗഖീർ റാസയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ അടുത്ത അനുയായിയായ ഡോ. നഫീസ് പോലീസിനെതിരെ ഭീഷണി മുഴക്കിയിരുന്നത്.
ബറേലിയിലെ നവാൽട്ടിയിലുള്ള പെഹൽവാൻ സാഹിബിന്റെ ശവകുടീരത്തിന് സമീപമുള്ള നഫീസിന്റെ മാർക്കറ്റ് നേരത്തെ തന്നെ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നതാണ്. ഒരു അഴുക്കുചാലിനെ തടസ്സപ്പെടുത്തിയാണ് മാർക്കറ്റ് നിർമ്മിച്ചതെന്നുള്ള കേസ് കോടതിയിൽ നടക്കുന്നുണ്ട്. നിലവിൽ ഈ മാർക്കറ്റിലെ 36 കടകൾക്കൊപ്പം, രണ്ടാം നിലയിലുള്ള മൗലാന തൗഖീർ റാസയുടെ പാർട്ടിയായ ഇത്തേഹാദ്-ഇ-മില്ലത്ത് കൗൺസിൽ ഓഫീസും സീൽ ചെയ്തിരിക്കുകയാണ്.
Discussion about this post