ന്യൂയോർക്ക് : താരിഫ് യുദ്ധത്തിൽ സിനിമകളെ പോലും വെറുതെ വിടാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. വിദേശ കമ്പനികൾ അമേരിക്കൻ സിനിമാ വ്യവസായത്തെ ‘മോഷ്ടിച്ചു’ എന്ന് ആരോപണം ഉന്നയിച്ചു കൊണ്ടാണ് ട്രംപിന്റെ ഈ നീക്കം.
യുഎസ് പ്രസിഡന്റിന്റെ ഈ തീരുമാനം ഇതിനകം തന്നെ ഹോളിവുഡിനെയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെയും ബാധിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നെറ്റ്ഫ്ലിക്സിന്റെയും വാർണർ ബ്രദേഴ്‌സിന്റെയും ഓഹരികൾ ഇടിഞ്ഞു. നെറ്റ്ഫ്ലിക്സ് ഓഹരികൾ 1.4 ശതമാനവും വാർണർ ബ്രദേഴ്‌സ് ഡിസ്കവറി ഓഹരികൾ 0.6 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.
ഹോളിവുഡ് സ്റ്റുഡിയോകളും ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും യുഎസിലെ മൂവി തിയേറ്ററുകളും ട്രംപിന്റെ ഈ നയത്തിന്റെ ആഘാതം വലിയ രീതിയിൽ തന്നെ നേരിടേണ്ടതായി വരും. 100 ശതമാനം താരിഫ് പ്രബലത്തിൽ വരുന്നതോടെ യുഎസ് തിയേറ്ററുകളിലെ വിദേശ സിനിമകളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയാകുന്നതാണ്. ഇത് ആഗോള സിനിമാ വിതരണ ശൃംഖലകളെ നേരിട്ട് തന്നെ ബാധിക്കും. ട്രംപിന്റെ ഈ നയം യുഎസ് ചലച്ചിത്ര വ്യവസായത്തിലും ആഗോള വിനോദ വിപണിയിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Discussion about this post