ഇസ്ലാമാബാദ് : പാകിസ്താനിലെ ക്വെറ്റയിൽ വൻ സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ ശക്തമായ വെടിവെപ്പും നടന്നു. സ്ഫോടനത്തിലും വെടിവെപ്പിലും ആയി നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ ആശുപത്രികളിൽ മൃതദേഹങ്ങൾ നിറഞ്ഞതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നഗരത്തിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സർഗൂൺ റോഡിന് സമീപമുള്ള സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും തകർന്നു. പോലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി, സുരക്ഷാ സേന പ്രദേശം വളഞ്ഞു. ഫ്രോണ്ടിയർ കോർപ്‌സിലെ (എഫ്‌സി) ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കർ നഗരത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരോട് എത്രയും പെട്ടെന്ന് ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരണസംഖ്യ വലിയതോതിൽ ഉയരുമെന്നാണ് സൂചന.
Discussion about this post