ടെൽ അവീവ് : ഒന്നാം ലോകമഹായുദ്ധത്തിൽ ജൂത ജനതയ്ക്ക് രക്ഷകരായ ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ. ഹൈഫ നഗരത്തിലെ ഇന്ത്യൻ സൈനികരുടെ സെമിത്തേരിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ആദരിച്ചു. ഇന്ത്യൻ സൈനികരെ ആദരിച്ച ഈ ചടങ്ങിൽ വെച്ച് ഹൈഫ മേയർ യോന യാഹവ് പുതിയൊരു പ്രഖ്യാപനവും നടത്തി. തങ്ങൾക്ക് രക്ഷകരായ ഇന്ത്യൻ സൈനികരുടെ കഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും എന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.
1918-ൽ ഓട്ടോമൻ ഭരണത്തിൽ നിന്ന് ഹൈഫ നഗരത്തെ മോചിപ്പിച്ചത് ബ്രിട്ടീഷുകാർ ആണെന്നായിരുന്നു ഏറെക്കാലമായി കരുതപ്പെട്ടിരുന്നത്. എന്നാൽ നിരവധി ഗവേഷണങ്ങളിലൂടെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇന്ത്യൻ സൈനികരായിരുന്നു അന്ന് ഹൈഫ നഗരത്തെ ഓട്ടോമൻ ഭരണത്തിൽ നിന്നും മോചിപ്പിച്ചത് എന്നാണ്. ഈ പുതിയ കണ്ടെത്തൽ കണക്കിലെടുത്ത് ഇന്ത്യൻ സൈനികർക്കുള്ള ആദരവായി പുതിയ ചരിത്രപാഠപുസ്തകത്തിൽ ഈ അധ്യായം ഉൾപ്പെടുത്തും എന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രായേൽ നടത്തിയ നിരവധി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളത് പ്രകാരം, ഒന്നാം ലോകമഹായുദ്ധസമയത്ത്, കുന്തങ്ങളും വാളുകളും ഉപയോഗിച്ച് പോരാട്ടങ്ങൾ നടത്തിയിരുന്ന ഇന്ത്യൻ കുതിരപ്പടയാളികൾ എല്ലാ അപകടങ്ങളെയും അവഗണിച്ച് മൗണ്ട് കാർമലിന്റെ പാറക്കെട്ടുകളിൽ നിന്ന് ഓട്ടോമൻ സൈന്യത്തെ തുരത്തി എന്നാണ്. മിക്ക യുദ്ധ ചരിത്രകാരന്മാരും ‘ചരിത്രത്തിലെ അവസാനത്തെ വലിയ കുതിരപ്പടയാളി ആക്രമണം’ എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 1918 സെപ്റ്റംബർ 23-ന് നടന്ന ഈ പോരാട്ടത്തിൽ പങ്കെടുത്തത്, ചരിത്രത്തിലെ അവസാനത്തെ വലിയ കുതിരപ്പടയാളികളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന മൈസൂർ, ഹൈദരാബാദ്, ജോധ്പൂർ ലാൻസേഴ്‌സിന്റെ പടയാളികൾ ആണെന്നാണ് വ്യക്തമാകുന്നത്.
ഈ യുദ്ധത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ 700 ലധികം തടവുകാരെയും 17 ഫീൽഡ് ഗണ്ണുകളും 11 മെഷീൻ ഗണുകളും ഇന്ത്യയുടെ ഈ പോരാളികൾ പിടിച്ചെടുത്തു. ‘ഹൈഫയുടെ നായകൻ’ എന്നറിയപ്പെടുന്ന മേജർ ദൽപത് സിംഗ്, ധീരതയ്ക്ക് മരണാനന്തരം ആദരിക്കപ്പെട്ടു. ഇന്ത്യ എല്ലാ വർഷവും സെപ്റ്റംബർ 23 ഹൈഫ ദിനമായി ആചരിക്കുന്നു.ഹൈഫ, ജറുസലേം, റാംലെ എന്നിവയുൾപ്പെടെ ഇസ്രായേലിലുടനീളമുള്ള യുദ്ധ സെമിത്തേരികളിൽ നിരവധി ഇന്ത്യൻ സൈനികരുടെ ശവകുടീരങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.
Discussion about this post