ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ വിജയദശമി ഉത്സവത്തോടനുബന്ധിച്ച് പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചെയ്ത പ്രഭാഷണത്തിന്റെ സാരാംശം.
രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനത്തിന്റെ നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുന്ന പശ്ചാത്തലത്തില്‍ വിജയദശമി നിമിത്തമായി നമ്മള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷം ഗുരു തേഗ് ബഹാദൂര്‍ മഹാരാജിന്റെ പവിത്രമായ ശരീരത്യാഗത്തിന്റെ 350-ാം വാര്‍ഷികമാണ്. ഹിന്ദുധര്‍മ്മത്തിന്റെ രക്ഷാകവചമായി മാറിയ അദ്ദേഹത്തിന്റെ ബലിദാനം വൈദേശികമതങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ഹിന്ദുസമാജത്തെ സംരക്ഷിച്ചു. ഇംഗ്ലീഷ് തീയതി അനുസരിച്ച്, ഇന്ന് സ്വര്‍ഗീയ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. നമ്മുടെ സ്വാതന്ത്ര്യശില്പികളില്‍ മുന്‍നിരക്കാരനാ യിരുന്ന അദ്ദേഹത്തിന് ദേശീയസ്വത്വത്തെ അടിസ്ഥാനമാക്കി ഒരു സ്വാതന്ത്ര്യാനന്തര ഭാരതത്തെ സങ്കല്പിച്ച ദാര്‍ശനികരില്‍ വിശിഷ്ട സ്ഥാനമുണ്ട്. ലാളിത്യം, എളിമ, ആത്മാര്‍ത്ഥത, ദൃഢനിശ്ചയം എന്നിവയ്ക്ക് ഉടമയായിരുന്ന നമ്മുടെ മുന്‍ പ്രധാനമന്ത്രി സ്വര്‍ഗീയ ലാല്‍ ബഹാദൂര്‍ ശാസ്ത്രിജിയുടെ ജന്മദിനം കൂടിയാണിന്ന്. ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും ഈ ഉത്തുംഗ മാതൃകകള്‍ നമുക്കെല്ലാവര്‍ക്കും അനുകരണീയ മാണ്. യഥാര്‍ത്ഥ മനുഷ്യരാകാനും എങ്ങനെ ജീവിതം നയിക്കാമെന്നുമുള്ള പാഠങ്ങള്‍ ഈ മഹാപുരുഷന്മാരില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ലോകത്തിന്റെയും രാജ്യത്തിന്റെയും ഇന്നത്തെ പരിതസ്ഥിതിയില്‍ ഭാരതീയരായ നമ്മളില്‍നിന്ന് വ്യക്തിപരവും ദേശീയവുമായ മൂല്യങ്ങളാല്‍ സമ്പന്നമായ ഇത്തരമൊരു ജീവിതമാണ് ആവശ്യപ്പെടുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, നാമെല്ലാവരും പിന്നിട്ട പാതയെ പുനരവലോകനം ചെയ്യുമ്പോള്‍ ഇത് ബോധ്യമാകും.
നിലവിലെ സാഹചര്യം – പ്രതീക്ഷയും വെല്ലുവിളികളും
കഴിഞ്ഞ കാലഘട്ടം, ഒരു വശത്ത്, വിശ്വാസവും പ്രതീക്ഷയും കൂടുതല്‍ ദൃഢമാക്കുന്നു എങ്കില്‍ മറുവശത്ത്, പഴയതും പുതിയതുമായ വെല്ലുവിളികളെ വളരെ വ്യക്തമായ രൂപത്തില്‍ നമ്മുടെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അത് നമ്മുടെ കര്‍ത്തവ്യപഥം ഏതെന്ന് വെളിപ്പെടുത്തുന്നവയാണ്. കഴിഞ്ഞ വര്‍ഷം ആദ്യം പ്രയാഗ്രാജില്‍ നടന്ന മഹാ കുംഭമേള, ഭാരതത്തിലുടനീളമുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും സംഘാടനത്തിലും നിലവിലുള്ള എല്ലാ കണക്കുകളെയും മറികടന്ന് ഒരു പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. അത് സമ്പൂര്‍ണഭാരതത്തിലും ഭക്തിയുടെയും ഏകതയുടെയും വലിയ ഉത്സാഹം ഉണര്‍ത്തി. അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളായ 26 ഭാരതീയരെ അവരുടെ ഹിന്ദുവിശ്വാസത്തെക്കുറിച്ച് ചോദിച്ചറിഞ്ഞതിന് ശേഷം കൊലപ്പെടുത്തി. ഈ ആക്രമണം ഭാരതത്തിലെങ്ങുമുള്ള ജനങ്ങളില്‍ ദുഃഖവും രോഷവും ജ്വലിപ്പിച്ചു. അതീവശ്രദ്ധയോടെയുള്ള ആസൂത്രണത്തിനുശേഷം, മെയ് മാസത്തില്‍ ഈ ആക്രമണത്തിന് സര്‍ക്കാര്‍ ഉചിത മായ മറുപടി നല്‍കി. രാജ്യത്തെ നേതൃത്വത്തിന്റെ ദൃഢതയുടെ, സൈന്യത്തിന്റെ ധീരതയുടെ, യുദ്ധസാമര്‍ത്ഥ്യത്തിന്റെ, ഒപ്പം നമ്മുടെ സമൂഹത്തിന്റെ ദൃഢനിശ്ചയത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ ദൃശ്യത്തിന് ഈ കാലയളവില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചു. പക്ഷേ എല്ലാവരോടും സൗഹൃദത്തിന്റെയും നീതിയുടെയും ഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും കരുത്തരാവുകയും വേണമെന്ന് നമുക്ക് വ്യക്തമായി. ഈ സംഭവത്തോട് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുടെ പ്രതികരണങ്ങളിലൂടെ ആഗോളതലത്തില്‍ നമ്മുടെ സുഹൃത്തുക്കള്‍ ആരെല്ലാമാണ് എവിടെയെല്ലാമാണ് എന്ന് പരീക്ഷിച്ചറിയാനും സാധിച്ചു. സര്‍ക്കാരിന്റെ ഉറച്ച നടപടികളും, ആശയപരമായ പൊള്ളത്തരങ്ങ ളുടെയും ക്രൂരതകളുടെയും അനുഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വെളിപ്പെട്ടതും മൂലം രാജ്യത്തിനുള്ളില്‍ നക്‌സല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നിയന്ത്രിക്കാനായി. ചൂഷണം, അനീതി, വികസനമില്ലായ്മ, ഈ വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് സഹാനുഭൂതിയില്ലായ്മ ഒക്കെ ഉപയോഗിച്ചാണ് മേഖലയില്‍ നക്‌സലൈറ്റുകള്‍ ജനപ്രീതി നേടിയിരുന്നത്. ഇപ്പോള്‍ ഈ തടസ്സ ങ്ങള്‍ നീങ്ങിയിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ നീതി, വികസനം, സദ്ഭാവന, സഹാനുഭൂതി, സമരസത എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതി ആവശ്യമാണ്. നിലവിലുള്ള വിവിധ സൂചകങ്ങള്‍ അനുസരിച്ച് നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. നമ്മുടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും മികച്ചതാക്കിമാറ്റാന്‍ സര്‍വസാധാരണക്കാരിലുണ്ടായ ഉത്സാഹം, നമ്മുടെ വ്യവസായ ലോകത്ത്, പ്രത്യേകിച്ച് യുവതലമുറയില്‍ വ്യക്തമായി കാണാം. പക്ഷേ, നിലവിലെ സാമ്പത്തിക വ്യവസ്ഥ അനുസരിച്ച്, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വര്‍ദ്ധിക്കല്‍, സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണം, ചൂഷകര്‍ക്ക് എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുന്ന പുതിയ സംവിധാനങ്ങളുടെ ശക്തിപ്പെടല്‍, പരിസ്ഥിതിനാശം, മനുഷ്യരുടെ പരസ്പരമുള്ള ഇടപെടലുകളില്‍ ബന്ധങ്ങളുടെ സ്ഥാനത്ത് കച്ചവടക്കണ്ണും മനുഷ്യത്വമില്ലായ്മയും വര്‍ദ്ധിച്ചത് തുടങ്ങിയ ദോഷങ്ങളും ലോകമെമ്പാടും തുറന്നുകാട്ടപ്പെടുന്നു. ഇത്തരം പോരായ്മ കള്‍ നമ്മളെ ബാധിക്കാതിരിക്കട്ടെ. അതുപോലെ, സ്വന്തം താല്പര്യമനുസരിച്ച് അമേരിക്ക സ്വീകരിച്ച താരിഫ് നയമടക്കമുള്ളവ നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ ചില വിഷയ ങ്ങളില്‍ നമ്മുടെ സമീപനം പുനഃപരിശോധിക്കേണ്ടിവരും. പരസ്പരാശ്രിതത്വത്തിലൂടെയാണ് ലോകം ജീവിക്കുന്നത്. എന്നാല്‍ സ്വയം ആത്മനിര്‍ഭരത(സ്വാശ്രയം) നേടി, വിശ്വജീവിതത്തിന്റെ ഐക്യം മനസ്സില്‍ വെച്ചുകൊണ്ട്, ഈ ആഗോള പരസ്പരാശ്രിതത്വം നമുക്ക് ഒരു ബാധ്യതയായി മാറാന്‍ അനുവദിക്കാതെ, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ നമുക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്വദേശി, സ്വാവലംബനം എന്നിവയ്ക്ക് പകരമായി മറ്റൊന്നില്ല. ഭൗതികവാദ, വിഭാഗീയ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള ഉപഭോഗത്തിലൂന്നിയ വികസനരീതിയാണ് ലോകമെങ്ങും നടക്കുന്നത്. അതിന്റെ ദോഷകരമായ അനന്തരഫലങ്ങള്‍ എല്ലായിടത്തും കൂടുതല്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇതേ മാതൃക കാരണം, കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി ക്രമരഹിതവും പ്രവചനാതീതവുമായ മഴ, മണ്ണിടിച്ചില്‍, ഹിമാനികളുടെ വരള്‍ച്ച തുടങ്ങിയവ ഭാരതത്തിലും രൂക്ഷമായിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ മുഴുവന്‍ ജലസ്രോതസ്സുകളും ഹിമാലയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഹിമാലയത്തില്‍ ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നത് ഭാരതത്തിനും ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഒരു അപായമണിയായി കണക്കാക്കണം. സമീപവര്‍ഷങ്ങളില്‍, നമ്മുടെ അയല്‍രാജ്യങ്ങളില്‍ വലിയ കുഴഞ്ഞുമറിയലുകള്‍ ഉണ്ടായിട്ടുണ്ട്. രോഷാകുലരായ ജനങ്ങളുടെ അക്രമാസക്തമായ പൊട്ടിത്തെറി കാരണം ശ്രീലങ്ക, ബംഗ്ലാദേശ്, അടുത്തിടെ നേപ്പാള്‍ എന്നിവിടങ്ങളിലുണ്ടായ ഭരണമാറ്റം നമുക്ക് ആശങ്കാജനകമാണ്. ഇത്തരം അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ഭാരതത്തിന് അകത്തും പുറത്തും സജീവമാണ്. സര്‍ക്കാരും സമൂഹവും തമ്മിലുള്ള ബന്ധത്തിലെ വിള്ളലും സമര്‍ത്ഥരും ജനകീയരുമായ ഭരണാധികാരികളുടെ അഭാവവുമാണ് അസംതൃപ്തിയുടെ സ്വാഭാവികവും താത്കാലികവുമായ കാരണങ്ങള്‍. എങ്കിലും, അക്രമാസക്തമായ ഇത്തരം പൊട്ടിത്തെറി കള്‍ക്ക് അഭികാമ്യമായ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. ജനാധിപത്യമാര്‍ഗങ്ങളിലൂടെ മാത്രമേ സമൂഹത്തിന് സമഗ്രമായ പരിവര്‍ത്തനം കൈവരിക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം, ഇത്തരം അക്രമാസക്തമായ സന്ദര്‍ഭങ്ങളില്‍, ലോകത്തിലെ പ്രബല ശക്തികള്‍ അവ രുടെ കളികള്‍ നടപ്പാക്കാനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമി ച്ചേക്കാം. നമ്മുടെ അയല്‍രാജ്യങ്ങള്‍ സംസ്‌കാരത്തിന്റെയും ജനങ്ങള്‍ക്കിടയിലുള്ള നിത്യസമ്പര്‍ക്കത്തിന്റെയും അടിസ്ഥാനത്തില്‍ ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു തരത്തില്‍ അവര്‍ നമ്മുടെതന്നെ കുടുംബമാണ്. ശാന്തി, സ്ഥിരത, സമൃദ്ധി, സുഖസൗക ര്യങ്ങള്‍, ക്ഷേമം എന്നിവ ഈ രാജ്യങ്ങളില്‍ ഉറപ്പാക്കേണ്ടത് നമ്മുടെ സ്വന്തം താല്പര്യസംരക്ഷണത്തേക്കാള്‍, സ്വാഭാവികമായ നമ്മുടെ അടുപ്പത്തില്‍ നിന്നായിരിക്കണം. ശാസ്ത്ര പുരോഗതി, മനുഷ്യജീവിതത്തിന്റെ പല വശങ്ങളെയും കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള സാങ്കേതികവിദ്യയുടെ കഴിവ്, ആശയവിനിമയ മാധ്യമങ്ങളും അന്തര്‍ദേശീയ വ്യാപാരവും എന്നി വയെല്ലാം കാരണം, രാജ്യങ്ങള്‍ തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധ ങ്ങള്‍ പോലെയുള്ള സന്തോഷകരമായ സാഹചര്യങ്ങള്‍ കാണു ന്നു. എങ്കിലും, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ വേഗതയും മനുഷ്യര്‍ ഇവയുമായി പൊരുത്തപ്പെടുന്ന വേഗതയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇക്കാരണത്താല്‍, സാധാരണക്കാര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉള്ളതായി കാണുന്നു. ഒപ്പം, ലോകത്താകെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും ചെറുതും വലുതുമായ കലഹങ്ങളും, പരിസ്ഥിതി വിനാശം മൂലമുള്ള പ്രകൃതിക്ഷോഭങ്ങള്‍, സാമൂഹിക, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, പൊതുജീവിതത്തില്‍ ഉടലെടുക്കുന്ന അനാചാരങ്ങളും ആക്രമണങ്ങളും തുടങ്ങി മറ്റ് പ്രശ്നങ്ങള്‍ക്കും നാം സാക്ഷ്യം വഹിക്കുന്നു. ഈ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്, പക്ഷേ അവ വഷളാകുന്നത് തടയാനോ സമഗ്രമായ പരിഹാരമുണ്ടാക്കാനോ ഈ പരിശ്രമങ്ങള്‍ക്കായില്ല. ഇതുമൂലം മനുഷ്യരിലുണ്ടാകുന്ന അസ്വസ്ഥത, കലഹം, അക്രമം എന്നിവ കൂടുതല്‍ വളര്‍ത്തി, ഐശ്വര്യം, സംസ്‌കാരം, വിശ്വാസം, പാരമ്പര്യം മുതലായവയുടെ പരിപൂര്‍ണമായ വിനാശത്തിലൂടെ മാത്രമേ ഈ പ്രശ്‌നങ്ങളെ പരിഹരിക്കാനാകൂ എന്ന വികലവും വിരുദ്ധവുമായ ആശയവുമായി മുന്നേറുന്ന ശക്തികളുണ്ടാക്കുന്ന പ്രതിസന്ധിയും എല്ലാ രാജ്യങ്ങളും അനുഭവിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം ഭാരതത്തിലും പലവിധത്തില്‍ നാം അനുഭവിക്കുന്നുണ്ട്. ഭാരതീയ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ക്കായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ്യമെമ്പാടും, പ്രത്യേകിച്ച് യുവതലമുറയില്‍, ദേശഭക്തിയുടെ വികാരവും നമ്മുടെ സംസ്‌കാരത്തോടുള്ള വിശ്വാസവും നിരന്തരം വര്‍ദ്ധിക്കുന്നത്, നമുക്കെല്ലാം പ്രതീക്ഷയും ഉറപ്പും നല്‍കുന്ന കാര്യമാണ്. സ്വയംസേവകരോടൊപ്പം വിവിധ ധാര്‍മ്മിക-സാമാ ജിക സ്ഥാപനങ്ങളും വ്യക്തികളും സമൂഹത്തിലെ പിന്നാക്ക വിഭാ ഗങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ മുന്നോട്ട് വരുന്നു. തത്ഫലമായി, സമൂഹത്തിന്റെ സ്വാശ്രയത്വം, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമര്‍ത്ഥ്യം എന്നിവ മെച്ചപ്പെട്ടു. സംഘപ്രവര്‍ത്തനങ്ങളിലും സാമാജികപ്രവര്‍ത്തനങ്ങളിലും നേരിട്ട് പങ്കെടുക്കാന്‍ സമൂഹത്തില്‍ ആഗ്രഹം വര്‍ധിക്കുന്നു വെന്നത് സ്വയംസേവകരുടെ അനുഭവത്തിലുണ്ട്. നിലവിലുള്ള ആഗോളമാതൃകകളേക്കാള്‍, നമ്മുടെ രാജ്യത്തിന്റെ ജീവിതവീക്ഷണം, സ്വഭാവം, ആവശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും വ്യത്യസ്തവുമായ മാതൃകളെ കുറിച്ച് ചിന്തകര്‍ക്കിടയില്‍ ആലോചന വളരുന്നു.
ഭാരതത്തിന്റെ ദാര്‍ശനിക വീക്ഷണം
ഭാരതത്തെയും ലോകത്തെയും ഭാരതീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലിപ്പിക്കാന്‍ പരിശ്രമിച്ച സ്വാമി വിവേകാനന്ദന്‍ മുതല്‍ മഹാത്മാഗാന്ധിജി, ദീനദയാല്‍ ഉപാധ്യായ, റാം മനോഹര്‍ ലോഹ്യ വരെയുള്ള നമ്മുടെ എല്ലാ ആധുനിക ചിന്തകരും ഈ പ്രശ്‌നങ്ങളെല്ലാം അഭിസംബോധന ചെയ്യുമ്പോള്‍ ഒരേ ദിശയിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. ആധുനിക ലോകവീക്ഷണം പൂര്‍ണമായും തെറ്റാണെന്നല്ല, പക്ഷേ അത് അപൂര്‍ണമാണ്. അതു കൊണ്ടാണ് അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന ചില രാജ്യങ്ങളും വര്‍ഗങ്ങളും ഭൗതികവികസനത്തില്‍ പുരോഗമിച്ച തായി കാണുന്നത്. എന്നാലിത് എല്ലാവര്‍ക്കും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും മാറ്റിനിര്‍ത്തിയാലും, അമേരിക്കയിലെ പറയപ്പെടു ന്നതുപോലുള്ള സമൃദ്ധിയും പുരോഗതിയുമുള്ള ഒരു ജീവിതം ഭാരതത്തിന് നയിക്കണമെങ്കില്‍, അഞ്ച് ഭൂമിക്ക് തുല്യമായ വിഭവങ്ങള്‍ കൂടി ആവശ്യമാണെന്ന് ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടു ണ്ട്. ഇന്നത്തെ രീതിയിലൂടെ ഭൗതിക പുരോഗതിക്കൊപ്പം മാനസി കവും ധാര്‍മികവുമായി വികാസം സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് പുരോഗതിക്കൊപ്പം മനുഷ്യരാശിക്കും പ്രകൃതിക്കും പുതിയ പുതിയ പ്രശ്‌നങ്ങളും പ്രാണസങ്കടങ്ങളും ഉണ്ടാകുന്നത്.
മൂലകാരണം കാഴ്ചപ്പാടിന്റെ അപര്യാപ്തത
ഭൗതികമായ വികാസത്തോടൊപ്പം മനുഷ്യന്റെ മനസ്സ്, ബുദ്ധി, ആത്മീയത എന്നിവയുടെ വികാസവും നടക്കണം. വ്യക്തിയോടൊപ്പം മാനവരാശിയുടെയും സമ്പൂര്‍ണ സൃഷ്ടിയുടെയും വികാസം സാധ്യമാകണം. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചുള്ള സാമ്പത്തികാവസ്ഥ. അതോടൊപ്പം സമൂഹത്തോടും സൃഷ്ടിയോടുമുള്ള കര്‍ത്തവ്യഭാവവും എല്ലാം സ്വന്തമെന്ന ബോധവും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇതാണ് സനാതനവും ആധ്യാത്മികവും സമഗ്രവുമായ നമ്മുടെ കാഴ്ചപ്പാട്. എല്ലാവരെയും ഒന്നിപ്പിക്കുന്ന തത്ത്വം നാം തിരിച്ചറിഞ്ഞതിനാലാണിത്. അതിലൂടെ, ആയിരക്കണക്കിന് വര്‍ഷങ്ങളായി, വ്യക്തിബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും മനുഷ്യരുടെയും പ്രകൃതിയുടെയും സഹകരണപരമായ സഹവര്‍ത്തിത്വ ത്തെ ബഹുമാനിക്കുകയും ചെയ്യുന്ന മനോഹരമായ, സമൃദ്ധമായ, സമാധാനപരമായ ഒരു ജീവിതശൈലി നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും ഇന്ന് മാനവികത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്നതുമായ സമഗ്രവും സംയോജിതവുമായ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മാതൃക ലോകത്തിന് ആവശ്യമാണ്. സ്വന്തം ഉദാഹരണത്തിലൂടെ അനുകരണീയമായ ഒരു മാതൃക ലോകത്തിന് നല്‍കണമെന്ന് ഭാരതീയരോട് നിയതി ആവശ്യപ്പെടുന്നു.
സംഘത്തിന്റെ കാഴ്ചപ്പാട്
രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രവര്‍ത്തനത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. സംഘത്തില്‍ നിന്ന് ആശ യങ്ങളും സംസ്‌കാരങ്ങളും സ്വാംശീകരിച്ചതിനുശേഷം, സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍, വൈവിധ്യമാര്‍ന്ന സംഘട നകളിലും സ്ഥാപനങ്ങളിലും സ്വയംസേവകര്‍ സജീവമായി ഇടപെ ട്ടിട്ടുണ്ട്. ഇതില്‍ പ്രാദേശിക, ദേശീയ തലത്തിലുള്ള സംഘടനകളും ഉള്‍പ്പെടുന്നു. സമൂഹത്തില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന നിരവധി സജ്ജനങ്ങളുമായി സ്വയംസേവകര്‍ സഹകരിക്കുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെയെല്ലാം കൂട്ടായ അനുഭവത്തെ അടിസ്ഥാനമാക്കി സംഘം ചില നിരീക്ഷണങ്ങളിലും നിഗമനങ്ങളിലും എത്തിയിട്ടുണ്ട്. 1) ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് ആക്കം കൂടുന്നുണ്ട്. എങ്കിലും നമുക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ട പരിമിതികളോടെയുള്ള അതേ നയങ്ങളിലും ചട്ടക്കൂടിലും നിന്നാണ് നാം ഇപ്പോഴും പ്രവര്‍ത്തിക്കു ന്നത്. ഉടനടി മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്തത്ര ദൂരം ലോക ത്തോടൊപ്പം നമ്മളും മുന്നോട്ടുപോയിട്ടുണ്ട് എന്നതും സത്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, നമുക്ക് ക്രമേണ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. എന്നാലും, നമ്മളും ലോകവും ഇപ്പോള്‍ നേരിടുന്നതോ ഭാവിയില്‍ നേരിടാന്‍ പോകുന്നതോ ആയ വെല്ലുവിളികളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. സമഗ്രവും സംയോജിത വുമായ നമ്മുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി വിജയകരമായ ഒരു വികസന മാതൃക സൃഷ്ടിച്ച് ലോകത്തിന് മുന്നില്‍ അവ തരിപ്പിക്കേണ്ടതുണ്ട്. ഭൗതികക്ഷേമത്തിനും ആഗ്രഹങ്ങള്‍ക്കും പിന്നാലെ അന്ധമായി ഓടുന്ന ലോകത്തിന്, ആരാധനാരീതികളെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മറികടന്ന്, എല്ലാവരെയും കൂട്ടിയിണക്കുന്ന, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന, കൂട്ടായ പുരോഗതി ഉറപ്പാക്കുന്ന ധര്‍മ്മത്തിന്റെ പാത കാണിക്കേണ്ടതുണ്ട്. 2) ലോകത്തിന് അനുകരിക്കാന്‍ കഴിയുന്ന ഒരു രാജ്യത്തിന്റെ മാതൃക സൃഷ്ടിക്കുക എന്നത് രാജ്യത്തെ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. കാരണം, മാറ്റം കൊണ്ടുവരാനുള്ള വ്യവസ്ഥിതിയുടെ സാമര്‍ത്ഥ്യവും ആഗ്രഹവും പരിമിതമാണ്. അതിനുള്ള പ്രചോദനവും കഴിവും ആത്യന്തികമായി സമൂഹത്തിന്റെ ഇച്ഛാശക്തിയിലൂടെയാണ് വരുന്നത്. അതിനാല്‍, സാമൂഹിക അവബോധവും പെരുമാറ്റത്തിലെ മാറ്റവും കൊണ്ടുമാത്രമേ വ്യവസ്ഥാപരിവര്‍ത്തനം സാധ്യമാവൂ. പ്രസംഗങ്ങളിലൂടെയോ ഗ്രന്ഥങ്ങളിലൂടെയോ അല്ല സമൂഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുന്നത്. അതിന് സജീവമായ സാമൂഹിക അവബോധം സൃഷ്ടിക്കേണ്ടതുണ്ട്, ഇത്തരത്തില്‍ ബോധവല്കരണം നടത്തുന്നവര്‍ മാറ്റത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറണം. സമൂഹത്തോട് സമര്‍പ്പിതരായ, സുതാര്യതയും നിസ്വാര്‍ത്ഥതയും ഉള്‍ക്കൊള്ളുന്ന, മുഴു വന്‍ സമൂഹത്തെയും സ്വന്തമെന്ന് കണക്കാക്കി നന്നായി പെരുമാറുന്ന മാതൃകാ വ്യക്തികള്‍ ഓരോ സ്ഥല ത്തും ഉണ്ടാകണം. അവ രോടൊപ്പം നിന്നുകൊണ്ട് സമൂഹത്തെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന, മാതൃകകളാകുന്ന പ്രാദേശിക നേതൃത്വം ആവശ്യമാണ്. അതുകൊണ്ടാണ് വ്യക്തിനിര്‍മ്മാണത്തിലൂടെയുള്ള സമാജപരിവര്‍ത്ത നവും സമാജ പരിവര്‍ത്തനത്തിലൂടെയുള്ള വ്യവസ്ഥാപരിവര്‍ത്തനവും ലോകത്ത് മാറ്റം കൊണ്ടുവരുന്നതിനുള്ള ശരിയായ പാത യാകുന്നത്. ഇത് സ്വയംസേവകരുടെ മൊത്തത്തിലുള്ള അനുഭവമാണ്. 3) അത്തരം വ്യക്തികളെ സൃഷ്ടിക്കുന്നതിനുള്ള സംവിധാനം എ ല്ലാ സമൂഹത്തിലും സജീവമാണ്. വൈദേശിക ആക്രമണങ്ങളുടെ നീണ്ട കാലയളവില്‍ ഈ സംവിധാനം നമ്മുടെ സമൂഹത്തില്‍ നശിപ്പിക്കപ്പെട്ടു. നമ്മുടെ വീടുകളിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും സമൂഹത്തിന്റെ വിവിധ മാനങ്ങളിലും കാലോചിതമായ രീതിയില്‍ അവയെ പുനഃസ്ഥാപിക്കണം. ഈ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കഴിയുന്ന വ്യക്തികളെ സൃഷ്ടിക്കണം. ഈ ആശയം മാനസികമായി സ്വീകരിച്ചാല്‍പോരാ, അത് പ്രായോഗികമാക്കുന്നതിന് മനസാ വാചാ കര്‍മണാ ശീലങ്ങളില്‍ മാറ്റം വരുത്താനുള്ള സംവി ധാനം ആവശ്യമാണ്. ആ സംവിധാനമാണ് സംഘശാഖ. കഴിഞ്ഞ നൂറ് വര്‍ഷമായി, എല്ലാത്തരം സാഹചര്യങ്ങളിലും ഈ സംവിധാനത്തെ നിര്‍ബന്ധബുദ്ധിയോടെ സംഘകാര്യകര്‍ത്താക്കള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഭാവിയിലും നമ്മള്‍ ഇത് തുടരണം. അതുകൊണ്ട് നിത്യശാഖയില്‍ പൂര്‍ണമനസ്സോടെ പങ്കെടുത്തുകൊണ്ട് സ്വന്തം ശീലങ്ങള്‍ മാറ്റുവാന്‍ സ്വയംസേവകര്‍ സാധന ചെയ്യണം. വ്യക്തിഗത ഗുണങ്ങളും ഒരുമയും വളര്‍ത്തിയെടുക്കുന്നതിനും സാമൂഹി ക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെയും സഹകരിക്കുന്നതിലൂടെയും നന്മകളുടെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് സംഘത്തിന്റെ ശാഖ ലക്ഷ്യമിടുന്നത്. 4) ഏതൊരു രാജ്യത്തിന്റെയും പുരോഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സമൂഹത്തിന്റെ ഐക്യമാണ്. നമ്മുടെ രാജ്യത്തിന് വളരെയധികം വൈവിധ്യമുണ്ട്. അനേകം ഭാഷകള്‍, അനേകം സമ്പ്രദായങ്ങള്‍, ഭൂമിശാസ്ത്രപരമായ വൈവിധ്യം കാരണമുള്ള ജീവിതരീതികള്‍, ഭക്ഷണശീലങ്ങള്‍, ജാതി, ഉപജാതി – ഈ വൈവിധ്യങ്ങളെല്ലാം വളരെക്കാലമായി നിലനില്‍ക്കുന്നു. കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി, ചില വൈദേശികമതങ്ങളും അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്ന് ഭാരതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിദേശികള്‍ പോയെങ്കിലും, ഈ സമ്പ്രദായങ്ങളെ സ്വീകരിച്ച് പിന്തുടരുന്ന നമ്മുടെ സ്വന്തം സഹോദരങ്ങള്‍ ഇപ്പോഴും ഭാരതത്തിലുണ്ട്. ഭാരതീയ പാരമ്പര്യത്തില്‍ എല്ലാവര്‍ക്കും സ്വാഗതവും അംഗീകാരവുമുണ്ട്. നാം അവയെ മറ്റുള്ളവ എന്നതിലുപരി നമ്മുടേതായി കാണുന്നു. ഈ വൈവിധ്യങ്ങളെ സവിശേഷതകളായി കണക്കാക്കുകയും അവയില്‍ നാം അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ വൈവിധ്യങ്ങള്‍ ഭേദഭാവത്തിന് കാരണമാകരുത്. അവരവരുടേതായ പ്രത്യേകതകളുണ്ടെങ്കിലും നാമെല്ലാവരും ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണ്. സമാജം, രാഷ്ട്രം, സംസ്‌കാരം എന്ന നിലയില്‍ നമ്മള്‍ ഒന്നാണ്. ഈ മഹത്തായ തനിമ (സ്വ) നമുക്ക് മറ്റെല്ലാറ്റിനുമുപരിയാണെന്ന് എല്ലായ്‌പ്പോഴും ഓര്‍മ്മിക്കണം. ഇക്കാരണത്താല്‍, സമൂഹത്തില്‍ നമ്മുടെ ഇടപെടലുകള്‍ പരസ്പരം യോജിപ്പും ആദരവും ഉള്ളതായിരിക്കണം. ഓരോരുത്തര്‍ക്കും തങ്ങളുടേതായ വിശ്വാസങ്ങളും മഹാപുരുഷന്മാരും ആരാധനാലയങ്ങളും ഉണ്ട്. ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ ഇവയെ അനാദരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി അവബോധം സൃഷ്ടിക്കണം. നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും സദ്ഭാവത്തോടെ പെരുമാറുകയും ചെയ്യുക എന്നത് നമ്മുടെ സ്വഭാവമായി മാറണം. ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍, മനസിലുണ്ടാകുന്ന എന്തെങ്കിലും സംശയത്തിന്റെ പേരില്‍ നിയമം കൈയിലെടുത്ത് തെരുവു കളില്‍ ഇറങ്ങുകയോ, ഗുണ്ടാപ്രവര്‍ത്തനങ്ങളിലും അക്രമങ്ങളി ലും ഏര്‍പ്പെടുകയോ ചെയ്യുന്ന പ്രവണത ശരിയല്ല. മനസില്‍ പ്രതികാര ബുദ്ധിയോടെയോ ഒരു പ്രത്യേക സമൂഹത്തെ പ്രകോപിപ്പി ക്കാനോ ആസൂത്രിതമായി ശക്തിപ്രകടനം നടത്തുന്നവരുടെ കെണിയില്‍ വീഴുന്നതിന്റെ അനന്തരഫലങ്ങള്‍ തത്കാലത്തേക്കു മാത്രമല്ല, ദീര്‍ഘകാലദൃഷ്ടിയിലും നന്നല്ല. അത്തരം പ്രവണതകളെ നിയന്ത്രിക്കണം. ആര്‍ക്കെങ്കിലും വേണ്ടി പക്ഷപാതപരമാ യോ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടോ പ്രവര്‍ത്തിക്കുന്നതിന് പകരം, നിയമത്തിന് അനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. അതേസമയം സമൂഹത്തിലെ നല്ലവരായ ജനങ്ങളും (സജ്ജനശ ക്തി) യുവതലമുറയും ജാഗരൂകരും സംഘടിതരുമാകണം, ആവ ശ്യമെങ്കില്‍ ഇടപെടേണ്ടിയും വരും. 5) നമ്മുടെ ഐക്യത്തിന്റെ ഈ അടിത്തറയെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ജി വിശേഷിപ്പിച്ചത് ശിവലൃലി േരൗഹൗേൃമഹ ൗിശ്യേ, (അന്തര്‍നിഹിത സാംസ്‌കാരിക ഏകത) എന്നാണ്. ഈ സംസ്‌കൃതി പ്രാചീന കാലം മുതല്‍ ഭാരതത്തിന്റെ സവിശേഷതയാണ്. അത് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. ഭാരതത്തിന്റെ ആദ്ധ്യാത്മികതയിലും കാരുണ്യം, വിശുദ്ധി, തപസ് തുടങ്ങിയ ഗുണങ്ങളിലും – അതായത് ധര്‍മ്മത്തില്‍ – വേരൂന്നിയതിനാല്‍ എല്ലാത്തരം വൈവിധ്യങ്ങളെയും ബഹുമാനിക്കാനും സ്വീകരിക്കാനും ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ രാഷ്ട്രത്തിന്റെ മക്കളായ ഹിന്ദുസമൂഹം ജീവിതരീതിയില്‍ ഇത് പാരമ്പര്യമായി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇതിനെ ഹിന്ദു സംസ്‌കൃതി എന്നും വിളിക്കുന്നത്. ഋഷിമാരുടെ തപസ്സിലൂടെയാണ് ഇത് ഉത്ഭവിച്ചത്. പുരാതന ഭാരതത്തിന്റെ സമൃദ്ധവും സുരക്ഷിതവുമായ അന്തരീ ക്ഷം അങ്ങനെ ചെയ്യുന്നതിന് അവര്‍ക്ക് തുണയായി. നമ്മുടെ പൂര്‍വികരുടെ പരിശ്രമം, ത്യാഗം, സമര്‍പ്പണം എന്നിവ കാരണം ഈ സംസ്‌കൃതി അഭിവൃദ്ധി പ്രാപിച്ചു, തകര്‍ക്കപ്പെടാതെ തുടര്‍ന്നു, ഇന്ന് നമ്മില്‍ എത്തിയിരിക്കുന്നു. നമ്മുടെ സംസ്‌കൃതിയുടെ ആചരണം, അതിനെ ആദര്‍ശമാക്കിയ പൂര്‍വിക ഹൃദയങ്ങളിലെ അഭിമാനബോധം, വിവേകപൂര്‍ണമായ അനുസരണം, ഇതെല്ലാം നല്കിയ പവിത്ര മാതൃഭൂമിയോടുള്ള ഭക്തി എന്നിവയെല്ലാം ചേര്‍ന്നാണ് നമ്മുടെ ദേശീയത രൂപം കൊള്ളുന്നത്. എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് ഈ ഹിന്ദുരാഷ്ട്രം എപ്പോഴും നമ്മെ ഒരുമിച്ച് നിര്‍ത്തുന്നു. നമുക്ക് ചമശേീി േെമലേ (നേഷന്‍ സ്റ്റേറ്റ്) എന്ന സങ്കല്പമില്ല. രാജ്യം രൂപപ്പെടുകയും ക്ഷയിക്കുകയും ചെയ്യും, എന്നാല്‍ രാഷ്ട്രം ശാശ്വതമായി നിലനില്‍ക്കുന്നു. ഏകതയുടെ ഈ അടിത്തറ നാം ഒരിക്കലും മറക്കരുത്. 6) സമ്പൂര്‍ണ ഹിന്ദുസമാജത്തിന്റെയും ശക്തി, ശീലം, സംഘടിത സ്വരൂപം എന്നിവ ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വികാസവും ഉറപ്പുനല്‍കുന്നു. ഹിന്ദുസമൂഹത്തിനാണ് ഈ രാഷ്ട്രത്തെ പ്രതി ഉത്തരവാദിത്തം. ഇത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹമാണ്. പല പേരുകളുടെയും രൂപങ്ങളുടെയും ഉപരിപ്ലവ മായ വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യരില്‍ വിഭജനവും ഭിന്നതകളും സൃഷ്ടിക്കുന്ന ‘നമ്മളും അവരും’ എന്ന മാന സികാവസ്ഥയില്‍ നിന്ന് അത് മുക്തമാണ്, മുക്തമായി നിലനില്‍ക്കുകയും ചെയ്യും. ‘വസുധൈവ കുടുംബകം’ എന്ന ഉദാത്തമായ ആശയത്തെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന താണ് ഹിന്ദുസമൂഹം. അതുകൊണ്ട് ഭാരതത്തെ സമ്പന്നവും ലോകത്തിന് മുഴുവന്‍ സംഭാവന നല്‍കുന്നതുമായ ഒരു രാജ്യമാ ക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്. അതിന്റെ സംഘടിത ശക്തിയുടെ അടിസ്ഥാനത്തില്‍, ലോകത്തിന് ഒരു പുതിയ പാത വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന ധര്‍മ്മം സംരക്ഷിച്ചു കൊണ്ട്, ഭാരതത്തെ വൈഭവസമ്പന്നമാക്കുമെന്ന് ദൃഢനിശ്ചയമെടുത്ത്, സമ്പൂര്‍ണ ഹിന്ദുസമാജത്തെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം ചെയ്തുവരുന്നു. ഒരു സംഘടിത സമൂഹത്തിന് അതിന്റെ എല്ലാ കടമകളും സ്വന്തം കരുത്തില്‍ നിറവേറ്റാന്‍ കഴിയും. പുറത്തു നിന്ന് പ്രത്യേക ശ്രമം ആവശ്യമില്ല. 7) ഈ സമാജസൃഷ്ടി നിറവേറ്റണമെങ്കില്‍, വ്യക്തികളിലും സമൂ ഹങ്ങള്‍ക്കുമുള്ളില്‍ വ്യക്തിപരവും ദേശീയവുമായ സ്വഭാവ ഗുണങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാഷ്ട്രത്തെയും അഭിമാ നത്തെയും കുറിച്ചുള്ള വ്യക്തമായ ഒരു വീക്ഷണം സംഘശാഖ യിലൂടെ ലഭിക്കുന്നു. ശാഖയില്‍ നടത്തുന്ന ദൈനംദിന പരിപാടികളിലൂടെ സ്വയംസേവകരില്‍ വ്യക്തിത്വം, കര്‍തൃത്വം, നേതൃത്വം, ഭക്തി, വിവേകം എന്നിവ വികസിക്കുന്നു. അതിനാല്‍ ശതാബ്ദിയില്‍, സംഘത്തിന്റെ വ്യക്തിനിര്‍മ്മാണ പ്രവര്‍ത്തനം രാജ്യമെമ്പാടും വ്യാപിപ്പിക്കാനും, സാമൂഹത്തിന്റെ പെരുമാറ്റത്തില്‍ ക്രമേണ മാറ്റങ്ങള്‍ വരുത്താനും ലക്ഷ്യമിടുന്ന പഞ്ചപരിവര്‍ത്തനം സ്വയംസേവകര്‍ ആചരിച്ച് മാതൃകകളായി, അവരിലൂടെ സമൂഹത്തിലെത്തിക്കാനുമാണ് സംഘം പരിശ്രമിക്കുന്നത്. സാമാജിക സമരസത, കുടുംബപ്രബോധനം, പരിസ്ഥിതിസംരക്ഷണം, തനിമയെക്കുറിച്ചുള്ള ബോധവും സ്വദേശിശീലവും, പൗരനെ ന്ന നിലയില്‍ അച്ചടക്കവും നിയമങ്ങളുടെയും ഭരണഘടനയുടെ യും പാലനവും – ഈ അഞ്ച് കാര്യങ്ങളും വ്യക്തികളും കുടുംബങ്ങളും സ്വന്തം പെരുമാറ്റത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്ക ണം. അങ്ങനെ ചെയ്യുന്നത് മുഴുവന്‍ സമൂഹത്തിനും മാതൃകയാ കും. ഇതിലടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ ലളിതവും നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പവുമാണ്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷ മായി വിവിധ സംഘ പരിപാടികളില്‍ ഇവ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സംഘ സ്വയംസേവകര്‍ക്ക് പുറമെ, മറ്റ് സംഘടനകളും വ്യക്തികളും സമൂഹത്തില്‍ സമാനമായ പരിപാടികള്‍ നട ത്തുന്നുണ്ട്. അവരോടൊപ്പം സഹകരിക്കാനും ഏകോപിപ്പിക്കാനുമാണ് സ്വയംസേവകര്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ നഷ്ടപ്പെട്ട സന്തുലിതാവസ്ഥ പുനഃസ്ഥാപിച്ചുകൊണ്ട്, ജീവിതത്തില്‍ സംയമ നവും അച്ചടക്കവും വളര്‍ത്തുന്ന ഒരു ആഗോള ധര്‍മ്മം പ്രദാനം ചെയ്യുവാന്‍ ലോകചരിത്രത്തില്‍ കാലാകാലങ്ങളില്‍, ഭാരതം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ കര്‍ത്തവ്യം നിറവേറ്റുന്നതിനാ യാണ് നമ്മുടെ പൂര്‍വ്വികര്‍ ഭാരതത്തില്‍ വസിച്ചിരുന്ന വൈവിധ്യമാര്‍ന്ന സമൂഹത്തെ ഒരു രാഷ്ട്രമായി സംഘടിപ്പിച്ചത്. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ നവോത്ഥാനത്തിന്റെയും തുട ക്കക്കാരുടെ മുന്നിലുണ്ടായിരുന്ന സ്വതന്ത്ര ഭാരതത്തിന്റെ സമൃദ്ധി യുടെയും ക്ഷമതയുടെയും വികസനത്തിന്റെ ശുഭകരമായ ഫലത്തിന്റെ ദര്‍ശനമായിരുന്നു ഇത്. ബംഗാളിലെ മുന്‍ പ്രാന്തസംഘചാലക് സ്വര്‍ഗീയ കേശവ് ചന്ദ്ര ചക്രവര്‍ത്തി ഒരു കവിതയില്‍ ഇത് മനോഹരമായി വിവരിച്ചിട്ടുണ്ട്,
ബാലീ സിംഘല്‍ ജബദ്വീപേ പ്രാംതര്‍ മാഝേ ഉഠേ. കൊതൊ മഠ് കൊതൊ മന്ദിര്‍ കൊതൊ പ്രസ്തരേ ഫൂല്‍ ഫോട്ടേ. താദേര്‍ മുഖേര്‍ മധുമയ് ബാനീ സുനേ ഥേമേം ജായ് സബ് ഹാനാഹാനീ. അഭ്യുദയേര്‍ സഭ്യതാ ജാഗേ വിശ്വേര്‍ ഘരേ-ഘരേ..
(ഭാരതീയ സംസ്‌കൃതിയുടെ സ്വാധീനം സിംഹളദേശം (ശ്രീലങ്ക) വരെയും ജാവ ദ്വീപ് വരെയും വ്യാപിച്ചു. ജീവിതത്തിന്റെ സുഗന്ധ പുഷ്പങ്ങള്‍ വ്യാപിച്ചിടത്തെല്ലാം മഠങ്ങളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ഭാരതത്തിന്റെ മധുരവും ജ്ഞാനമയവുമായ വാക്കുകള്‍ കേട്ട് മറ്റ് രാജ്യങ്ങളില്‍ പോലും വൈരഭാവവും അശാന്തിയും അസ്തമിച്ചിരുന്നു.) വരൂ, ഇന്നത്തെ ദേശകാല പരിതസ്ഥിതികള്‍ക്കനുസൃതമായി ഭാരതത്തിന്റെ ഈ ആത്മസ്വരൂപം വിശ്വസമക്ഷം വീണ്ടും സ്ഥാപിക്കാം. പൂര്‍വികര്‍ കൈമാറിയ കര്‍ത്തവ്യത്തെയും ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങളെയും നിറവേറ്റുന്നതിന്, നമ്മുടെ കര്‍ത്തവ്യപഥത്തില്‍ ഒരുമിച്ച് മുന്നേറാന്‍ വിജയദശമിയുടെ ഈ ശുഭഭാവസരത്തില്‍ നമുക്ക് സീമോല്ലംഘനം നടത്താം.
ഭാരത് മാതാ കീ ജയ്
Discussion about this post