ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.
ദക്ഷിണ റഷ്യയിലെ സോച്ചിയിലെ കരിങ്കടൽ റിസോർട്ടിൽ ഇന്ത്യയുൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാൽഡായ് ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു പുടിൻ. റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ ഉയർന്ന താരിഫ് ചുമത്തിയാൽ അത് ആഗോള ഊർജ്ജ വില ഉയർത്തുമെന്നും യുഎസ് ഫെഡറൽ റിസർവിനെ പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്താൻ നിർബന്ധിതരാക്കുമെന്നും പുടിൻ പറഞ്ഞു. അത് യുഎസ് സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഇന്ത്യയുമായി ഞങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്നങ്ങളോ സംഘർഷങ്ങളോ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പ്രകടിപ്പിച്ചു.വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികൾ ആവിഷ്‌കരിക്കാൻ അദ്ദേഹം സർക്കാരിനോട് ഉത്തരവിട്ടു.
പുറത്തുനിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങേണ്ട ഒരു കാരണവും ഇന്ത്യയ്ക്കില്ലെന്ന് പുടിൻ പറഞ്ഞു. ‘ഇന്ത്യ ഒരിക്കലും സ്വയം അപമാനിക്കപ്പെടാൻ അനുവദിക്കില്ല,’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും അത്തരമൊരു നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ റഷ്യൻ ഊർജ്ജം വാങ്ങുന്നത് നിർത്തിയാൽ, 9 ബില്യൺ മുതൽ 10 ബില്യൺ ഡോളർ വരെ നഷ്ടം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ, എന്നെ വിശ്വസിക്കൂ, രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആരുടെയും മുന്നിൽ ഒരു അപമാനവും ഒരിക്കലും അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പുടിൻ, മോദിയുടെ വിശ്വസനീയമായ ഇടപെടലുകളിൽ തനിക്ക് ആശ്വാസം തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി.’പ്രധാനമന്ത്രി മോദിയെ എനിക്കറിയാം; അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കില്ല,’ അദ്ദേഹം പറഞ്ഞു.
‘ അമേരിക്കയുടെ ശിക്ഷാ തീരുവകൾ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടും, കൂടാതെ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ അതിന് അന്തസ്സ് ലഭിക്കുകയും ചെയ്യുമെന്നും പുടിൻ പറഞ്ഞു.വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് റഷ്യ ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും മരുന്നുകളും വാങ്ങിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാം. ഔഷധ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്കായി നമ്മുടെ ഭാഗത്ത് നിന്ന് ചില നടപടികൾ സ്വീകരിക്കാം,’ പുടിൻ പറഞ്ഞു.
Discussion about this post