ഒരു താരത്തിന്റെ വിജയത്തിൽ ടീം നൽകുന്ന സുരക്ഷയ്ക്ക് വലിയ പങ്കുണ്ട്. തന്റെ ആദ്യ 35 ഏകദിന മത്സരങ്ങളിൽ രോഹിത് ശർമ്മയ്ക്ക് ഒരു സെഞ്ച്വറി പോലും നേടാൻ കഴിഞ്ഞില്ല എന്ന് നിങ്ങളിൽ പലർക്കും അറിയാം. 2007 ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചെങ്കിലും 2013 ന് ശേഷമാണ് അദ്ദേഹംക്രിക്കറ്റ് ലോകത്ത് പതുക്കെ പതുക്കെ ശ്രദ്ധിക്കപ്പെടുന്ന മുഖമായത്. എം.എസ്. ധോണി താരത്തെ മധ്യനിരയിൽ നിന്ന് ഓപ്പണിങ് സ്ഥാനത്തേക്ക് മാറ്റിയതോടെ രോഹിത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
എല്ലാവർക്കും രോഹിത്തിനെ പോലെ ഉള്ള ഭാഗ്യം കിട്ടാറില്ല. ധോണിയെ പോലെ ഒരു നായകൻ നൽകുന്ന പിന്തുണയായിരുന്നല്ലോ രോഹിത്തിന്റെ കരിയർ മാറ്റി മറിച്ചത്. എന്നാൽ ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ധോണിയുടെ അതെ ട്രാക്കിലാണ്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം, ഇന്ത്യൻ ക്രിക്കറ്റിൽ ഭയത്തിന് പകരം സുരക്ഷാ സംസ്കാരം സൃഷ്ടിക്കുകയാണ് അദ്ദേഹം.
സഞ്ജു സാംസൺ മുമ്പ് ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിൽ താൻ എങ്ങനെ പ്രകടനം കാഴ്ചവച്ചാലും തുടർച്ചയായി കളിക്കുമെന്ന് സൂര്യകുമാർ തന്നോട് പറഞ്ഞതായി അദ്ദേഹം പങ്കുവെച്ചിരുന്നു. തുടർച്ചയായി 20 തവണ ഡക്ക് ഔട്ടായാലും സാംസൺ ടീമിൽ ഉണ്ടാകും എന്നായിരുന്നു ഗംഭീറിന്റെ ഉറപ്പ്.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ടി20 ഐ ബാറ്റ്സ്മാൻ ആയ അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് തന്റെ ആദ്യ പരാജയങ്ങൾക്ക് ശേഷം എങ്ങനെ പിന്തുണച്ചു എന്ന് പറയുകയാണ്. തന്റെ രണ്ടാമത്തെ ടി20 യിൽ സെഞ്ച്വറി നേടിയ ശേഷം, അടുത്ത 7 ഇന്നിംഗ്സുകളിൽ അഭിഷേക് 30 റൺസ് കടന്നിരുന്നില്ല. എന്നാൽ മാനേജ്മെന്റിന് അദ്ദേഹത്തിന്റെ കഴിവ് അറിയാമായിരുന്നു, ഫലം എന്തായാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു.
“എന്റെ ആദ്യ കുറച്ച് മത്സരങ്ങളിൽ, ഞാൻ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. അദ്ദേഹം (സൂര്യകുമാർ) എന്നോട് പറഞ്ഞു, ‘നിങ്ങൾ 15 ഡക്കുകൾ നേടിയാലും, 16-ാമത്തെ മത്സരത്തിൽ ഞാൻ ഇപ്പോഴും നിങ്ങളോടൊപ്പം നിൽക്കും.’ ആ ഉറപ്പ് എനിക്ക് നിങ്ങൾക്ക് രേഖാമൂലം നൽകാൻ കഴിയും. ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഇത് പറയുന്നത് വളരെ വലിയ കാര്യമാണ്. അഭിഷേക് പറഞ്ഞു.
തന്റെ ക്യാപ്റ്റൻ കാണിച്ച ഈ വിശ്വാസം സൺറൈസേഴ്‌സ് ഹൈദരാബാദിന് (SRH) വേണ്ടി ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കളിച്ചതുപോലെ സ്വതന്ത്രമായി കളിക്കാൻ തന്നെ എങ്ങനെ പ്രേരിപ്പിച്ചുവെന്നും താരം പറഞ്ഞു. “എന്റെ ക്രിക്കറ്റ് കരിയറിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് മനസ്സിലായി. വേഗത്തിൽ കളിക്കണം എന്നായിരുന്നു അത്. പണ്ടത്തെ ബാറ്റിംഗ് ശൈലി ഞാൻ മാറ്റി. അത് കരിയറിൽ ഗുണമായി.” അഭിഷേക് പറഞ്ഞു.
Discussion about this post