ലേ : ലഡാക്ക് കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിൽ (എച്ച്ഐഎഎൽ) സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയ്ക്കുള്ള പങ്കിൽ അന്വേഷണ ഏജൻസികൾ വിശദാംശങ്ങൾ തേടുകയാണ്. എച്ച്ഐഎഎല്ലിൽ നിരവധി ക്രമക്കേടുകൾ നടന്നതായാണ് ഇതുവരെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.
ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സുമായി ബന്ധപ്പെട്ട എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്ത സർവകലാശാലയല്ലെങ്കിലും ബിരുദങ്ങൾ നൽകുന്നതിലൂടെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നുവെന്ന് നേരത്തെ ലഡാക്ക് ഭരണകൂടം എച്ച്ഐഎഎല്ലിനെതിരെ ആരോപണമുയർത്തിയിരുന്നു. വിശ്വസനീയമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോക്ക് ക്രമക്കേടുകളിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന എന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.
അതേസമയം കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ട് ഗീതാഞ്ജലി ആങ്മോ സുപ്രീംകോടതിയിൽ ഹർജി നൽകി . സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമമന്ത്രി എന്നിവർക്ക് കത്തെഴുതിയെങ്കിലും ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് ഗീതാഞ്ജലി അറിയിച്ചു.
Discussion about this post