സ്വർണം,വെള്ളി പണയ വായ്പ്പകളുടെ വ്യവസ്ഥകൾ പുതുക്കി റിസർവ് ബാങ്ക്. പണയ വായ്പയിൽ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയത്. ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകു, സുതാര്യത ഉറപ്പ് വരുത്തുക, തിരിച്ചടവിൽ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായാണ് മാറ്റം കൊണ്ടുവരുന്നത്. ഒന്നാം ഘട്ടം ഒക്ടോബർ ഒന്നിന് നിലവിൽ വന്നു. രണ്ടാം ഘട്ടം 2026 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാകും.
ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കർശനമാക്കി. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം. വായ്പ അടച്ചുതീർത്താൽ പണയ സ്വർണം ഉടനെ തിരികെ നൽകാനും വീഴ്ചവരുത്തിയാൽ പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു. വായ്പാ കരാർ, മൂല്യനിർണയം, ലേല നടപടികൾ എന്നിവ സുതാര്യമാക്കാൻ ഉപഭോക്താക്കൾക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയിൽ എല്ലാ വിവരങ്ങളും നൽകണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. 2.50 ലക്ഷം രൂപവരെയുള്ള വായ്പകൾക്കായി സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനംവരെ അനുവദിക്കാം. 2.50 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപവരെയാണെങ്കിൽ മൂല്യത്തിൽ പരിധി 80 ശതമാനമായിരിക്കും. അതിനും മുകളിലാണ് വായ്പയെങ്കിൽ 75 ശതമാനം പരിധിയും നിശ്ചയിച്ചു. ഈ മാറ്റങ്ങൾ 2026 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കും.
വായ്പ എടുത്തവർ മുതലും പലിശയുമടക്കം മുഴുവൻ തുകയും അടച്ചു തീർത്താൽ മാത്രമേ സ്വർണപ്പണയം പുതുക്കി വയ്ക്കാനാകൂ എന്നാണ് ആർബിഐ നൽകിയിട്ടുള്ള നിർദേശം. അതുപോലെ കാർഷിക സ്വർണ വായ്പ പോലെയുള്ള സബ്‌സിഡി ആനുകൂല്യങ്ങളോടെ സ്വർണ വായ്പ എടുത്തിട്ടുള്ളവർ കിട്ടാക്കടമായാൽ, വായ്പാ കാലാവധിയ്ക്കുള്ളിൽ തന്നെ മുഴുവൻ തുകയും അടച്ചു തീർത്താലേ പണയം പുതുക്കി വയ്ക്കാനും പലിശയുടെ ആനുകൂല്യം കിട്ടാനും സാധിക്കൂ. വായ്പ കാലാവധി കഴിഞ്ഞാൽ ആനുകൂല്യം ലഭിക്കില്ല. ഇത്തരത്തിൽ സ്വർണ വായ്പ കിട്ടാക്കടമായിട്ടുണ്ടെങ്കിൽ അവർക്ക് പിന്നീട് വേറെ വായ്പ നൽകേണ്ടതില്ല എന്നാണ് ബാങ്കുകളുടെ നിലപാട്.
സ്വർണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിർമാതാക്കൾക്കും പ്രവർത്തന മൂലധന വായ്പ അനുവദിക്കും. ചെറു പട്ടണങ്ങളിലെ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾക്കും സ്വർണ വായ്പ നൽകാനും റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്.
Discussion about this post