ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയുടെ വസതിയായി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർമ്മിച്ച വിവാദ ബംഗ്ലാവ് ‘ശീഷ്മഹൽ’സംസ്ഥാന അതിഥി മന്ദിരമാക്കി മാറ്റാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. അന്തിമ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഡൽഹി സർക്കാരിന്റെ അതിഥി മന്ദിരമായി ‘ശീഷ്മഹൽ’ പ്രവർത്തനമാരംഭിക്കും. പദ്ധതി നടപ്പിലായാൽ പൊതുജനങ്ങൾക്കും ഇവിടെ താമസിക്കാൻ കഴിയുന്നതാണ്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അത്യാഡംബര സൗകര്യങ്ങളുള്ള കൊട്ടാരസമാനമായ മുഖ്യമന്ത്രി വസതിയായിരുന്നു അരവിന്ദ് കെജ്രിവാൾ നിർമ്മിച്ച ‘ശീഷ്മഹൽ’. നിരവധി കോടികൾ ചിലവാക്കി നിർമ്മിച്ച ഈ അത്യാഡംബര ബംഗ്ലാവ് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റുകയാണ് ഡൽഹിയിലെ പുതിയ ബിജെപി സർക്കാർ. ഡൽഹിയിലെ മറ്റ് സംസ്ഥാന കെട്ടിടങ്ങളിൽ കാണപ്പെടുന്നതിന് സമാനമായി പരമ്പരാഗത ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന ഒരു കാന്റീൻ ഉൾപ്പെടെ പ്രവർത്തിക്കുന്ന സംസ്ഥാന ഗസ്റ്റ് ഹൗസ് ആയി ഈ ബംഗ്ലാവിനെ മാറ്റാനാണ് ഡൽഹി സർക്കാർ പദ്ധതിയിടുന്നത്.
കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും 45 കോടി രൂപ ചിലവഴിച്ചാണ് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി ‘ശീഷ്മഹൽ’ നിർമ്മിച്ചിരുന്നത് എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഏറ്റവും നവീനമായതും കോടിക്കണക്കിന് രൂപ ചിലവാകുന്നതുമായ ഇന്റീരിയർ ആണ് ഈ ബംഗ്ലാവിനുള്ളിൽ ചെയ്തിട്ടുള്ളത്. 9 വർഷം കെജ്രിവാൾ കുടുംബസമേതം ഈ ആഡംബര ബംഗ്ലാവിൽ താമസിച്ചു. 2022-ൽ, ഡൽഹി ഗവർണർ വി.കെ. സക്‌സേനയുടെ നിർദ്ദേശപ്രകാരം, സ്വത്തിൽ നടന്ന ക്രമക്കേടുകളും അമിത ചെലവും വിജിലൻസ് വകുപ്പ് അന്വേഷണം ആരംഭിച്ചു.
Discussion about this post