ന്യൂഡൽഹി : പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യൻ സൈന്യത്തിലേക്ക് എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ എത്തുന്നു. അതിർത്തിക്കടുത്തുള്ള ജനവാസ മേഖലകളും മതപരമായ സ്ഥലങ്ങളും സംരക്ഷിക്കുന്നതിനായി എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കാനാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്. ഈ സ്പെഷ്യൽ തോക്കുകൾ വാങ്ങുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന് (AWEIL) സൈന്യം ടെൻഡർ നൽകി.
മിഷൻ സുദർശൻ ചക്രയുടെ കീഴിൽ, ആറ് AK-630 വ്യോമ പ്രതിരോധ തോക്കുകൾ വാങ്ങാനാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്. ഈ വർഷം ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദിയാണ് മിഷൻ സുദർശൻ ചക്രയ്ക്ക് തുടക്കമിട്ടത്. 2035 ഓടെ രാജ്യത്തെ പ്രധാന സ്ഥലങ്ങളെ ശത്രു ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നിരീക്ഷണം, സൈബർ സുരക്ഷ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ബഹുതല സുരക്ഷാ കവചം സൃഷ്ടിക്കാൻ ആണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന നാല് ദിവസത്തെ പോരാട്ടത്തിൽ, പാകിസ്താൻ സൈന്യം ജമ്മു കശ്മീരിലെയും പഞ്ചാബിലെയും സിവിലിയന്മാരെയും മതപരമായ സ്ഥലങ്ങളെയും നേരിട്ട് ലക്ഷ്യം വച്ച സാഹചര്യത്തിലാണ് ഈ മേഖലകളുടെ സുരക്ഷ ശക്തമാക്കാൻ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സോവിയറ്റ് റഷ്യ വികസിപ്പിച്ചെടുത്ത 4 കിലോമീറ്റർ അകലെ വരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ കഴിയുന്ന 30mm മൾട്ടി-ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ് എകെ-630.
ഡ്രോണുകൾ,റോക്കറ്റുകൾ, പീരങ്കികൾ, മോർട്ടാർ എന്നിവയിൽ നിന്നുള്ള ഭീഷണികൾ തടയുന്നതിന് ഏറെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ ആയുധ സംവിധാനമാണിത്. മിനിറ്റിൽ 3000 റൗണ്ട് വെടിയുണ്ടകൾ വരെ ഉതിർക്കാൻ എകെ-630ന് കഴിയും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു ഇലക്ട്രോ-ഒപ്റ്റിക്കൽ ഫയർ കൺട്രോൾ സിസ്റ്റം വഴിയാണ് ഈ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത് എന്നുള്ളതും മറ്റൊരു സവിശേഷതയാണ്.
Discussion about this post