എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ വിമർശനങ്ങൾ കടുക്കുന്നു. താങ്കളുടെ അഴിമതികളെക്കുറിച്ച് പറയുന്നത് എൻ എസ് എസ് നെ തകർക്കാനല്ല, മറിച്ച് രക്ഷിക്കാനാണ്. താങ്കളുടെ അഴിമതികൾ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നത് അത് പറയേണ്ട വേദികളിൽ പറയാൻ അവസരം നിഷേധിക്കുന്നത് കൊണ്ടാണെന്ന് ഭാരത കേസരി എൻഎസ്എസ് കരയോഗം പ്രസിഡന്റ്, അഡ്വ. T.K.G. നായർ കുറ്റപ്പെടുത്തുന്നു. ഇനിയും ധാരാളം സത്യങ്ങൾ താങ്കളെ തുറിച്ചു നോക്കി ഇരിക്കുന്നുണ്ട്. എല്ലാത്തിനും കൂടി ഒരുമിച്ച് ഉത്തരം പറയാനുള്ള അവസ്ഥയിലല്ല താങ്കൾ എന്ന് അറിയാവുന്നത് കൊണ്ട് നിർത്തുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹം ജി സുകുമാരൻ നായർക്കെതിരെ ഉയർത്തുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
ബഹു. എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ. ജി. സുകുമാരൻ നായരുടെ ശ്രദ്ധയ്ക്ക്,
താങ്കളുടെ ഇന്നലത്തെ വിജയദശമി സമ്മേളനത്തിലെ പ്രസംഗം കേട്ടു.
ചരിത്രത്തിലെ ഏറ്റവും ശുഷ്കമായ സമ്മേളനമാണ് ഇന്നലെ അവിടെ നടന്നത് എന്ന് താങ്കളോടൊപ്പം നിൽക്കുന്നവർ തന്നെ സമ്മതിക്കുന്നുണ്ട്.
അതിൽ താങ്കൾക്കെതിരെ തെളിവുകൾ സഹിതം ഉയർന്നു വന്ന അഴിമതി ആരോപണങ്ങൾ എൻഎസ്എസ് ന് എതിരെയുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കാൻ താങ്കൾ നടത്തിയ വിഫല ശ്രമവും കണ്ടു.
താങ്കൾക്കെതിരെയുളള സമുദായത്തിൻ്റെ പ്രതികരണങ്ങൾ പുറത്ത് കൊണ്ടു വന്ന വാർത്താ ചാനലുകളെ താങ്കൾ ഭീഷണിപ്പെടുത്തുന്നതായും കണ്ടു.
പത്ര മാധ്യമങ്ങളുടെ ന്യൂസ് ഡെസ്കിൽ ഇരിക്കുന്നവരുടെ ബന്ധുക്കൾക്ക് എൻഎസ്എസ് ൽ ജോലി നൽകി താങ്കൾക്കെതിരെയുളള വാർത്തകൾ എക്കാലവും പൂഴ്ത്തി വെക്കുന്ന താങ്കളുടെ പതിവ് പരിപാടി നടക്കാതെ പോയതിലുളള ആത്മരോഷം മനസ്സിലാക്കുന്നു. അങ്ങനെ ബന്ധുക്കൾക്ക് ജോലി വാങ്ങി പത്ര ധർമ്മത്തെ വ്യഭിചരിക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്.
താങ്കൾക്ക് സമദൂരമോ ശരിദൂരമോ ബഹുദൂരമോ ആവാം. ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം.
താങ്കൾ ഒരു കാര്യം മനസ്സിലാക്കണം. താങ്കൾ പെരുന്ന എൻഎസ്എസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഒരു ജീവനക്കാരനായിരിക്കുന്ന കാലത്ത് കരയോഗം സെക്രട്ടറി ആയ ആളാണ് ഞാൻ. താങ്കളുടെ സമുദായ പ്രവർത്തനം മാസം തോറും വ്യാജ ബില്ലുകൾ ഒപ്പിട്ട് ലക്ഷങ്ങൾ കൈപ്പറ്റിയുളള ഒരു തൊഴിലാണ്. എന്നാൽ കരയോഗ തലത്തിൽ സമുദായ പ്രവർത്തനം നടത്തുന്നവരുടെ സ്ഥിതി അതല്ല. നിസ്വാർത്ഥമായി സമുദായ പ്രവർത്തനം നടത്തുന്ന അവർ താങ്കളുടെയും താങ്കൾ നിയമിച്ച ചില യൂണിയൻ പ്രസിഡൻ്റുമാരുടെയും അഴിമതികൾക്കെതിരെ പ്രതികരിക്കും. താങ്കളിൽ നിന്ന് സ്ഥാനമാനങ്ങളോ ഔദാര്യമോ ആവശ്യമില്ലാത്ത ലക്ഷക്കണക്കിന് സമുദായാംഗങ്ങൾ അതിനൊപ്പം നിൽക്കും.
സമുദായത്തിൽ താങ്കളുടെ നോമിനികളായ വെറും 300 പേരെ വെച്ച് പ്രബുദ്ധമായ നായർ സമുദായത്തെ താങ്കൾ അളക്കരുത്.
ഞങ്ങൾ ഉന്നയിച്ച താഴെപ്പറയുന്ന കാര്യങ്ങൾ നിഷേധിക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ.?സർക്കാറിനെയും രാഷ്ട്രീയ പാർട്ടികളെയും സമുദായത്തെ വെച്ച് വില പേശി വിരട്ടുന്ന താങ്കൾക്കെതിരെ തെളിവില്ലാതെ അഴിമതി ആരോപണം ഉന്നയിക്കാനുളള അവിവേകം ആരെങ്കിലും കാണിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ.?
താങ്കൾ ജോലി ചെയ്തിരുന്ന കാലത്ത് എൻഎസ്എസ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഏകദേശം 43 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലേ..
വളരെ നന്നായി നടന്നു വന്ന ഈ സൊസൈറ്റിയിൽ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ എൻഎസ്എസ് എന്ത് നടപടി സ്വീകരിച്ചു.?
1992-93 കാലഘട്ടത്തിൽ എൻഎസ്എസ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് എക്സ്പ്രസ് ദിനപത്രത്തിൽ നിക്ഷേപിച്ച 24 ലക്ഷം രൂപ 2011 ൽ എൻഎസ്എസ് ന്റെ ആസ്തിയിൽ നിന്ന് അപ്രത്യക്ഷമായത് എങ്ങനെ.??
കന്യാകുമാരി യുടെ ഹ്റുദയ ഭാഗത്ത് മന്നം സ്മാരകത്തിനു വേണ്ടി വാങ്ങിയ 27 സെൻ്റ് സ്ഥലം സെൻ്റിന് വെറും എട്ടു ലക്ഷം രൂപ വിലവെച്ച് വിറ്റിട്ട് പെരുന്നയിൽ വഴി സൗകര്യം പോലും ഇല്ലാത്ത സ്ഥലം സെൻ്റിന് 18 ലക്ഷം രൂപ വില വെച്ച് വാങ്ങിയതിന് പിന്നിലെ യാഥാർത്ഥ്യം എന്ത്.?
എൻഎസ്എസ് മാനേജ്മെൻ്റിൻ്റെ കീഴിൽ ഉണ്ടായിരുന്ന നാഗർകോവിൽ ശ്രീ അയ്യപ്പാ വിമൻസ് കോളേജ് എന്ന എയ്ഡഡ് കോളേജിന്റെ മാനേജ്മെൻ്റിൽ നിന്ന് 2022 മുതൽ താങ്കൾ ഉൾപെടെയുളള എൻ എസ് എസ് ഭാരവാഹികൾ പുറത്തായത് എങ്ങനെ.?
എൻഎസ്എസ് വൈസ് പ്രസിഡൻ്റും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ സംഗീത് കുമാർ ഒരു തിരുനെൽവേലി അഡ്രസിൽ അവിടെ സെക്രട്ടറി ആയി തുടരാൻ കാരണമെന്ത്.?
ഈ കോളേജ് ഇപ്പോഴും എൻഎസ്എസ് മാനേജ്മെൻ്റിൻ്റെ കീഴിലാണോ എന്ന് താങ്കൾ വിശദീകരിക്കണം.
2012 ൽ താങ്കൾ ജനറൽ സെക്രട്ടറി ആയി മാസങ്ങൾക്കകം ചേർത്തല എൻഎസ്എസ് കോളേജ് കോമ്പൗണ്ടിലെ സിലിക്ക മണലുകളുടെ വെള്ളാരം കുന്നുകൾ തുരന്നു വാരി കുളം തോണ്ടാൻ ഒരു സ്വകാര്യ വ്യക്തിക്ക് പത്ത് വർഷത്തേക്ക് താങ്കൾ മുദ്ര പ്പത്രത്തിൽ ഒരു എഗ്രിമെൻ്റ് എഴുതി ഒപ്പിട്ടു നൽകിയില്ലേ.?
ഈ എഗ്രിമെൻ്റിൽ മണലിൻ്റെ അളവോ വിലയോ രേഖപ്പെടുത്താഞ്ഞത് കോടികളുടെ അഴിമതിക്ക് കാരണമായി എന്ന് പറഞ്ഞാൽ താങ്കൾക്ക് നിഷേധിക്കാൻ കഴിയുമോ.?
മൈനിങ് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും താങ്കളുടെ എഗ്രിമെൻ്റിന്റെ ബലത്തിൽ അവിടുന്ന് അനധികൃതമായി കോടികളുടെ മണൽ കടത്ത് നടന്നില്ലേ.. ഇതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് താങ്കൾക്ക് 7,13,161 രൂപ പിഴ ഇട്ടില്ലേ..?
താങ്കൾ ഒപ്പിട്ടു നൽകിയ എഗ്രിമെൻ്റ് വിവരം ബഹു ഹൈക്കോടതിയിൽ നിന്ന് മറച്ചു വെച്ച് മണൽ മോഷണം പോയി എന്ന് പറഞ്ഞു നേടിയ സ്റ്റേ ഉത്തരവിൽ സർക്കാർ അപ്പീൽ പോകാഞ്ഞതിനാലല്ലേ താങ്കൾ അനധികൃത മണൽ കടത്തിന് പിഴ അടക്കേണ്ടി വന്ന ആദ്യ എൻഎസ്എസ് ജനറൽ സെക്രട്ടറി എന്ന അപഖ്യാതി യിൽ നിന്ന് രക്ഷ പെട്ടത്.
താങ്കളുടെ മരുമകൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവും തുടർന്ന് ധനലക്ഷ്മി ബാങ്കിൽ നിന്നുള്ള രാജിയും കാരണമല്ലേ താങ്കൾ എൻഎസ്എസ് ന്റെ മുഴുവൻ അക്കൗണ്ടുകളും ധനലക്ഷ്മി ബാങ്കിൽ നിന്ന് പിൻവലിച്ച് ഫെഡറൽ ബാങ്കിലേക്ക് മാറ്റിയത്. ഇത് താങ്കൾക്ക് നിഷേധിക്കാമോ.?
ഇനിയും ധാരാളം സത്യങ്ങൾ താങ്കളെ തുറിച്ചു നോക്കി ഇരിക്കുന്നുണ്ട്. എല്ലാത്തിനും കൂടി ഒരുമിച്ച് ഉത്തരം പറയാനുള്ള അവസ്ഥയിലല്ല താങ്കൾ എന്ന് അറിയാവുന്നത് കൊണ്ട് നിർത്തുന്നു.
ഒരു കാര്യം വീണ്ടും ആവർത്തിക്കുന്നു. താങ്കളുടെ മുമ്പിൽ വന്ന് പഞ്ചപുച്ഛമടക്കി തൊഴുതു നിൽക്കുന്ന 300 ആളുകളെ വെച്ച് താങ്കൾക്ക് മരണം വരെ ആ കസേരയിൽ ഇരിക്കാം.
പക്ഷേ ആത്മാഭിമാനവും സമുദായാചാര്യനോടും സമുദായത്തോടും മാത്രം പ്രതിബദ്ധതയുള്ള നായർ സമുദായാംഗങ്ങളെ താങ്കൾ ഈ 300 പേരെ വെച്ച് അളക്കാൻ ശ്രമിക്കരുത്.
താങ്കളുടെ അഴിമതികളെക്കുറിച്ച് പറയുന്നത് എൻ എസ് എസ് നെ തകർക്കാനല്ല, മറിച്ച് രക്ഷിക്കാനാണ്.
താങ്കളുടെ അഴിമതികൾ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നത് അത് പറയേണ്ട വേദികളിൽ പറയാൻ അവസരം നിഷേധിക്കുന്നത് കൊണ്ടാണ്.
എൻഎസ്എസ് വിരുദ്ധരുമായി ഒത്തു ചേർന്ന് തന്റെ അഴിമതിയെ ചോദ്യം ചെയ്യുന്ന കരയോഗങ്ങളെ പുറത്താക്കാൻ സാമ്പത്തിക തട്ടിപ്പ് കാരണം ഒരിക്കൽ താങ്കൾ തന്നെ പിരിച്ചു വിട്ട് പിന്നീട് ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങി വീണ്ടും തിരിച്ചെടുത്ത താങ്കളുടെ പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡൻ്റ് നടത്തുന്ന ശ്രമങ്ങൾ താങ്കൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ നന്നായിരിക്കും എന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു.
വിശ്വസ്തതയോടെ,
അഡ്വ. T.K.G. നായർ
പ്രസിഡന്റ്,
ഭാരത കേസരി എൻഎസ്എസ് കരയോഗം നമ്പർ 5336,
തുണ്ടുമൺകര, കുമ്പഴ
പത്തനംതിട്ട.
ജയ് എൻ എസ് എസ്
ജയ് മന്നത്ത് പത്മനാഭൻ.
Discussion about this post