ന്യൂഡൽഹി : മോദി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യ കോടീശ്വരന്മാരുടെ പുതിയ കേന്ദ്രമായി മാറുകയാണെന്നും രാജ്യത്തെ സമ്പന്നരുടെ എണ്ണം വർഷം തോറും അതിവേഗം വർദ്ധിച്ചുവരികയാണെന്നും പറയുന്ന ഒരു മാധ്യമ റിപ്പോർട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറിയും കമ്മ്യൂണിക്കേഷൻസ് ഓഫീസറുമായ ജയറാം രമേശ് മോദി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം സർക്കാർ വർദ്ധിപ്പിക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചു. ഇത് സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രശ്‌നം മാത്രമല്ല, ജനാധിപത്യത്തിന്റെ ആത്മാവിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ സമ്പത്ത് മുഴുവൻ ഒരു ഗ്രൂപ്പിനുള്ളിൽ കേന്ദ്രീകരിക്കപ്പെടുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
രാജ്യത്തെ സമ്പന്നരുടെ എണ്ണം വർധിക്കുന്നതിന്റെ പ്രധാന കാരണം മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ആണെന്ന് ജയറാം രമേശ് വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പത്ത് തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇത് നമ്മുടെ രാജ്യത്ത് വൻ സാമ്പത്തിക അസമത്വത്തിന് കാരണമായി. ഈ അസമത്വം വ്യാപകമായ സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും അസംതൃപ്തിക്കും കാരണമാകുന്നു എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
Discussion about this post