ഇംഫാൽ : മണിപ്പൂരിൽ കഴിഞ്ഞ മാസം അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേർ അറസ്റ്റിൽ. മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഭീകരരാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ മാസം അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഇവർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ പ്രധാന പ്രതികളായ തോങ്ഗ്രാം സദാനന്ദ് സിംഗ് (18), ഖോണ്ട്രം ഓജിത് സിംഗ് (47) എന്നിവരെ സംഭവം നടന്ന് 72 മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസം റൈഫിൾസ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ പ്രേരിതമായ ഒരു ‘കരാർ കൊലപാതകം’ ആയിരിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നത്.
മണിപ്പൂരിലെ നിലവിലെ സമാധാനപരമായ അന്തരീക്ഷത്തിനിടയിൽ വീണ്ടും അസ്വസ്ഥതകൾ സൃഷ്ടിക്കാനും രാഷ്ട്രപതി ഭരണം അട്ടിമറിക്കാനും ലക്ഷ്യമിട്ടാണ് സൈനികർക്ക് നേരെ ആക്രമണം നടത്തിയത് എന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 15 പിഎൽഎ ഭീകരർ അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന ആയുധങ്ങളും വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മണിപ്പൂരിൽ മുൻപ് നടന്ന വംശീയ സംഘർഷങ്ങൾക്കിടയിൽ പോലീസ് ആയുധപ്പുരയിൽ നിന്ന് മോഷ്ടിച്ചതായി കരുതപ്പെടുന്ന ആറ് തോക്കുകളും സൈനിക വാഹനത്തിന് നേരെ ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ഒരു വാനും ആണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.
Discussion about this post