ആലപ്പുഴ : ആലപ്പുഴയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ. തായങ്കരിയിൽ ആണ് ഇത്തവണ സുകുമാരൻ നായർക്കെതിരെ പുതിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘എടാ സുകുമാരാ… ഇറങ്ങിപ്പോടാ കസേരയിൽ നിന്നും’ എന്നും പറഞ്ഞു കൊണ്ടാണ് സുകുമാരൻ നായർക്കെതിരായ പുതിയ ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.
എൻഎസ്എസിന്റെ സ്ഥാപക നേതാവ് മന്നത്ത് പത്മനാഭൻ സുകുമാരൻ നായരോട് പറയുന്ന രീതിയിലാണ് പുതിയ ഫ്ലക്സിലെ വരികൾ. “എടാ സുകുമാരാ… ഇറങ്ങിപ്പോടാ കസേരയിൽ നിന്നും, ഞങ്ങൾ അംഗങ്ങളിൽ നിന്നും പിടിയരി കൂട്ടി വളർത്തി വലുതാക്കിയ പ്രസ്ഥാനത്തിന്റെ വില നീ ഒരു നിമിഷം കൊണ്ട് കളഞ്ഞു കുളിച്ചില്ലേ? ഇറങ്ങിപ്പോടാ ഞാനിരുന്ന കസേരയിൽ നിന്നും.” എന്ന് മന്നത്ത് പത്മനാഭൻ ജി സുകുമാരൻ നായരോട് പറയുന്ന രീതിയിൽ ആണ് പ്രതിഷേധ പോസ്റ്റർ സ്ഥാപിച്ചിട്ടുള്ളത്.
കരയോഗങ്ങളുടെ വോട്ടവകാശം പുനസ്ഥാപിക്കുക, നിയമവിരുദ്ധ 300 അംഗ ഏറാൻമൂളി പ്രതിനിധിസഭ പിരിച്ചുവിടുക എന്നീ ആവശ്യങ്ങളും പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്. ‘കമ്മ്യൂണിസ്റ്റുകാരെ അവരുടെ മാതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞുവിടും വരെ എനിക്ക് വിശ്രമമില്ല, പിഴച്ച നായർ അവന്റെ കയ്യിലിരിപ്പ് കൊണ്ട് കമ്മ്യൂണിസ്റ്റായി മാറും’ എന്നുമുള്ള മന്നത്ത് പത്മനാഭന്റെ വാക്കുകളും പോസ്റ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Discussion about this post