ഇന്ത്യയ്‌ക്കെതിരായി പ്രകോപനപരമായ പരാമർശങ്ങളുമായി പാകിസ്താൻ. പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് മുന്നറിയിപ്പിന്റെ ഭാഷയിൽ പ്രസ്താവനയിറക്കിയത്. ഇനിയും സംഘർഷമുണ്ടായാൽ ഇന്ത്യയെ സ്വന്തം യുദ്ധ വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചിടുമെന്നാണ് പാക് പ്രതിരോധമന്ത്രിയുടെ അവകാശവാദം. ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാൽ പാകിസ്താന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് പാക് പ്രതിരോധമന്ത്രിയുടെ ഈ പ്രതികരണമെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല അഭിപ്രായങ്ങളെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള ഒരു പരാജയപ്പെട്ട ശ്രമമായാണ് ആസിഫ് എക്സിലെ ഒരു പോസ്റ്റിൽ വിശേഷിപ്പിച്ചത്. ആഭ്യന്തരമായ പ്രതിഷേധങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി സർക്കാർ മനഃപൂർവം സംഘർഷങ്ങൾ ആളിക്കത്തിക്കുകയാണെന്നും പാക് മന്ത്രി ആരോപിച്ചു.
പാകിസ്താൻ അല്ലാഹുവിന്റെ പേരിൽ കെട്ടിപ്പടുത്ത ഒരു രാഷ്ട്രമാണ്, നമ്മുടെ പ്രതിരോധക്കാർ അല്ലാഹുവിന്റെ പടയാളികളാണ്. ഇത്തവണ ഇന്ത്യ, അവരുടെ വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചുമൂടപ്പെടും.0-6 എന്ന സ്‌കോറിൽ ഇന്ത്യ തോറ്റെന്നും, വിശദാംശങ്ങൾ നൽകാതെ മന്ത്രി പറയുന്നു.
ലോക ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തണമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്താൻ നിർത്തണമെന്നും ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്താന്റെ യുഎസ് നിർമ്മിത എഫ്-16 വിമാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ഡസനിലധികം സൈനിക വിമാനങ്ങൾ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Discussion about this post