സ്ത്രീകൾക്ക് വേണ്ടി ഡിസൈൻ ചെയ്ത സംവിധാനമല്ല വിവാഹമെന്ന് നടി റിമ കല്ലിങ്കൽ. വിവാഹം നിങ്ങളുടെ ജീവിതത്തിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കില്ലെന്നും താരം വ്യക്തമാക്കി. വിവാഹം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വിവാഹം കഴിഞ്ഞപ്പോഴാണ് തനിക്ക് തിരിച്ചറിവുണ്ടായതെന്നും റിമ കൂട്ടിച്ചേർത്തു. ഒരു ഒപ്പ് മാത്രമാണെന്ന് നമ്മൾ കരുതുമെങ്കിലും അതൊരു ട്രാപ്പാണെന്നും താരം ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
വിവാഹക്കരാറിൽ ഒപ്പിട്ടതിൽ തനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട്. ഒരാളെ പ്രണയിക്കാനും ഒരു ജീവിക്കാനും മറ്റൊരാളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും റിമ കല്ലിങ്കൽ പറയുന്നു. വിവാഹത്തോടെ ആഷിഖിന്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും തന്റെ ജീവിതം മാറിപ്പോയെന്ന് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു റിമ.
പ്രശ്നം ഞങ്ങളുടെ ഇടയിലല്ല. പക്ഷെ ഈ സിസ്റ്റം പ്രശ്നമാണ്. ഇത് നമ്മുടെ ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല. എന്നാൽ അതുകാരണം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.താനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാൾ സുന്ദരമായിട്ടാണ് ഇപ്പോൾ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ലെന്നാണ് തങ്ങൾ മനസിലാക്കുന്നത്. വിവാഹം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവുണ്ടായത്. എനിക്ക് വിവാഹം കഴിക്കാൻ പോലും പ്ലാൻ ഇല്ലായിരുന്നു. പിന്നെ പാരന്റ്‌സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. അത് ഒരു ഒപ്പ് മാത്രമാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ അതൊരു ട്രാപ്പാണ്. നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിൽക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നുവെന്ന് താരം ചൂണ്ടിക്കാണിക്കുന്നു.
ഒരു പരിധി വരെ നമ്മൾ തന്നെ വരുത്തിവെക്കുന്നതാണിത്. ഈ മെസേജിങ് എല്ലാം ഇൻവിസിബിൾ ആണ്. ഇങ്ങനൊക്കെ ആയിരിക്കണം എന്ന് തലമുറകളായി എയറിലുള്ളതാണ്. നമ്മൾ കാണുന്നതും കൂടിയാണ് മെസേജിങ് ആയി വരുന്നത്. കുറേയൊക്കെ എനിക്ക് നോ പറയാമായിരുന്നു. പക്ഷെ ഞാനും പലപ്പോഴും റോൾ പ്ലേ ചെയ്തു. പിന്നെയാണ് എന്തിനാണ് ഞാനിതൊക്കെ ചെയ്യുന്നത്, എന്നോടിതാരും പറഞ്ഞിട്ടില്ലല്ലോ? എന്നൊക്കെ ചിന്തിക്കുന്നതെന്ന് റിമ പറയുന്നു.
ഈ സംവിധാനത്തെ മനസിലാക്കാൻ ഞാനും കുറേസമയമെടുത്തു. പ്രണയത്തിനും പ്രണയിക്കുന്ന വ്യക്തിയ്ക്കും ഇതുമായി ബന്ധമില്ല. ഈ സിസ്റ്റം എനിക്ക് വർക്കാകില്ല. സ്ത്രീകൾക്ക് വേണ്ടി തയ്യാറാക്കിയൊരു ഡിസൈൻ ആണിതെന്ന് പോലും തോന്നുന്നില്ല. പുരുഷന്മാർ പുരുഷന്മാർക്ക് വേണ്ടി ഉണ്ടാക്കിയ സംവിധാനമാണ്. ആ സിസ്റ്റം എനിക്ക് ഇപ്പോഴും വർക്കാകുന്നില്ല. ആ രേഖയിൽ ഒപ്പുവച്ചതിൽ എനിക്കിന്നും കുറ്റബോധമുണ്ട് എന്നും റിമ കൂട്ടിച്ചേർത്തു.
Discussion about this post