ന്യൂഡൽഹി : സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഉണ്ടായ ചെരിപ്പേറിനെ അപലപിച്ച് സോണിയ ഗാന്ധി. ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആണ് നടന്നതെന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചു. തിങ്കളാഴ്ച സുപ്രീംകോടതിയിൽ വച്ചാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ സുപ്രീംകോടതിയിലെ ഒരു അഭിഭാഷകൻ ഷൂ ഊരി എറിഞ്ഞത്.
“സുപ്രീം കോടതിയിൽ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിനെതിരെ നടന്ന ആക്രമണത്തെ അപലപിക്കാൻ വാക്കുകൾ പോരാ. ഇത് അദ്ദേഹത്തിന് നേരെ മാത്രമല്ല, നമ്മുടെ ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണമാണ്. അഗാധമായ വേദനയും രോഷവുമുണ്ട്. ചീഫ് ജസ്റ്റിസ് ഗവായ് വളരെ ദയാലുവാണ്, മുഴുവൻ രാഷ്ട്രവും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കണം ” എന്ന്
സോണിയ ഗാന്ധി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും അപലപിച്ചു. ലജ്ജാകരമായ പ്രവൃത്തിയാണ് നടന്നതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സമൂഹത്തിൽ എത്രത്തോളം വ്യാപകമായ വെറുപ്പും മതഭ്രാന്തും ഉണ്ടെന്ന് ഈ വിവേകശൂന്യമായ പ്രവൃത്തി കാണിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഖാർഗെ അഭിപ്രായപ്പെട്ടു.
ബി ആർ ഗവായിയുടെ ഖജുരാഹോ പരാമർശം ആയിരുന്നു അഭിഭാഷകനെ പ്രകോപിപ്പിച്ചത്. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമ്മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഈ അഭിഭാഷകന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ ഒരു ഹർജി നൽകിയിരുന്നു. ഈ ഹർജി സെപ്റ്റംബർ 16 ന് സുപ്രീം കോടതി തള്ളി. ‘പബ്ലിസിറ്റി താൽപ്പര്യ ഹർജി’ എന്നാണ് ചീഫ് ജസ്റ്റിസ് ഈ ഹർജിയെ വിശേഷിപ്പിച്ചിരുന്നത്.
ഹർജി പരിഗണിക്കുന്ന വേളയിൽ ” ഇത് പൂർണ്ണമായും പരസ്യത്തിനു വേണ്ടിയുള്ള ഒരു ഹർജി മാത്രമാണ്, പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടൂ. നിങ്ങൾ ഭഗവാൻ വിഷ്ണുവിന്റെ ശക്തമായ ഭക്തനാണെന്ന് പറയുകയാണെങ്കിൽ, നിങ്ങൾ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക” എന്നായിരുന്നു ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അഭിപ്രായപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. തന്റെ വാക്കുകൾ ‘തെറ്റായി ചിത്രീകരിച്ചു’ എന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിക്കുകയും എല്ലാ മതങ്ങളോടും തനിക്ക് ബഹുമാനം ഉണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഈ സംഭവമാണ് ഇന്നത്തെ അഭിഭാഷകന്റെ പ്രതിഷേധത്തിന് കാരണമായത്.
Discussion about this post