സ്റ്റോക്ക്ഹോം : 2025 ലെ ഫിസിക്സ് നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇത്തവണ ഫിസിക്സിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത്. ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെറ്റ്, ജോൺ മാർട്ടിനിസ് എന്നിവരാണ് ബഹുമതി സ്വന്തമാക്കിയത്.
കാലിഫോർണിയ സർവകലാശാലയിലെയും യേൽ സർവ്വകലാശാലയിലെയും ഗവേഷകരാണ് ഈ വർഷത്തെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനങ്ങൾ നൽകുന്നത്. ഇലക്ട്രിക്കൽ സർക്യൂട്ടുകളിലെ വലിയ തോതിലുള്ള ക്വാണ്ടം ടണലിംഗും ഊർജ്ജ നിലകളും കണ്ടെത്തിയതിനാണ് അമേരിക്കൻ ശാസ്ത്രജ്ഞർക്ക് നോബൽ സമ്മാനം ലഭിച്ചത്.
“വൈദ്യുത സർക്യൂട്ടുകളിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിന്റെയും ഊർജ്ജ ക്വാണ്ടൈസേഷന്റെയും കണ്ടെത്തലിനായി” പുരസ്കാരം സമർപ്പിക്കുന്നു എന്നാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വ്യക്തമാക്കിയിരിക്കുന്നത്.
നോബൽ സമ്മാന സ്ഥാപകനായ ആൽഫ്രഡ് നോബലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ ഔപചാരികമായി സമ്മാനങ്ങൾ സമ്മാനിക്കും. വിജയികൾക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണ (ഇന്ത്യൻ രൂപയിൽ ₹10.3 കോടി), ഒരു സ്വർണ്ണ മെഡൽ, ഒരു സർട്ടിഫിക്കറ്റ് എന്നിവയാണ് ലഭിക്കുക.
Discussion about this post