നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി മഹാരാഷ്ടയിലെത്തുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. 1160 ഹെക്ടർ വിസ്തൃതിയിൽ രൂപകൽപ്പന ചെയ്ത നവി മുംബൈ വിമാനത്താവള ഉദ്ഘാടനമാണ് നരേന്ദ്രമോദിയുടെ മഹാരാഷ്ട്ര സന്ദർശനത്തിന്റെ പ്രധാന ആകർഷണം.
ദക്ഷിണ മുംബൈയിൽ നിന്ന് 37 കിലോമീറ്റർ അകലെ നവി മുംബൈയിലെ ഉൽവെയിലാണ് നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്.മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം കൂടിയാണിത്. ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിമാനത്താവളത്തിന്റെ വാസ്തുവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിടരുന്ന ദളങ്ങളോട് സാമ്യമുള്ളതാണ് ടെർമിനലിന്റെ രൂപകൽപന. വിശാലമായ താമരയുടെ ആകൃതിയിലുള്ളതാണ് മേൽക്കൂര.
1,160 ഹെക്ടറിലാണ് (2,866 ഏക്കർ) ഈ വിമാനത്താവളം വ്യാപിച്ചുകിടക്കുന്നത്. പൊതു -സ്വകാര്യ പങ്കാളിത്തതോടെയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം) സിഡ്കോയും (സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്ര ലിമിറ്റഡ്) തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലാണ് നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് രൂപീകരിച്ചത്. 74%, 26% ഓഹരി പങ്കാളിത്തമാണ് ഇരു സ്ഥാപനങ്ങളും വഹിച്ചത്.
ഏകദേശം 19,650 കോടി രൂപ ചിലവിലാണ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ, പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടാകും.പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് .ആഭ്യന്തര, അന്തർദേശീയ യാത്രക്കാരെ തടസമില്ലാതെ ഉൾക്കൊള്ളാൻ നാല് ടെർമിനലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.രണ്ട് കോഡ്-എഫ് റൺവേകൾ ഉണ്ടാകും. കൂറ്റൻ വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാനും പുറപ്പെടാനും ആവശ്യമായ പ്രത്യേകതകളുള്ള റൺവേകളാണ് കോഡ്-എഫ് റൺവേകൾ.
പൂർണമായും 5ജി സ്മാർട്ട് വിമാനത്താവളമായാണ് നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് വിഭാവനം ചെയ്തിരിക്കുന്നത്.സീറോ മാനുവൽ ഐഡി, ബോർഡിംഗ്-പാസ് പരിശോധനകൾ എന്നിവയ്ക്കായി ഡിജി യാത്ര എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുമായുള്ള സംയോജനം. ഓട്ടോമേറ്റഡ് ബാഗേജ് ഹാൻഡ്‌ലിങ്, റിയൽ-ടൈം ഐഒടി ട്രാക്കിംഗ് സിസ്റ്റങ്ങൾ, അതിവേഗ വൈ-ഫൈയുള്ള ടെർമിനലുകൾ സൈബർ സുരക്ഷയും ഉറപ്പാക്കുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇൻ-ഹൗസ് ആപ്പ്,എന്നിവ ഈ വിമാനത്താവളത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്. ആദ്യ ഘട്ടത്തിൽ, പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യും. പിന്നീടുള്ള ഘട്ടങ്ങളിൽ 3.2 ദശലക്ഷം മെട്രിക് ടൺ വരെ ഉയരും. പൂർണമായും ഓട്ടോമേറ്റഡ് ഹാൻഡ്‌ലിങ് സംവിധാനങ്ങൾ, 100% ഷിപ്പ്മെന്റ് ട്രാക്കിങ്, മരുന്നുകൾക്കും പെട്ടെന്ന് നശിച്ചുപോകുന്ന വസ്തുക്കൾക്കുമായി താപനില നിയന്ത്രിത മേഖലകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന ഡിജിറ്റൽ ആർട്ട് ഇൻസ്റ്റലേഷനുകൾ, മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും ആകർഷകമായ കഥകൾ വിവരിക്കുന്ന ഭാഗങ്ങൾ, വെർച്വൽ പ്രദർശനങ്ങളിലൂടെ പ്രാദേശിക സംസ്‌കാരം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് പ്രോഗ്രാം എന്നിവ കാണാം.വിവിധ തരം ചായകൾ മുതൽ ഷെഫ് ക്യൂറേറ്റ് ചെയ്ത മികച്ച ഡൈനിംഗ്, ബ്രൂവറികൾ വരെ ലഭ്യമാക്കും. ഡ്യൂട്ടി ഫ്രീ സ്റ്റോറുകളും അദാനി വൺ ആപ്പ് വഴി സംയോജിപ്പിച്ച ഡിജിറ്റൽ സൗകര്യ സേവനങ്ങളും ഉൾപ്പെടെ 110-ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ടാകും. 500 അതിഥികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന സിഐപി ലോഞ്ചുകൾ, 80 മുറികളുള്ള ഒരു ട്രാൻസിറ്റ്/ഡേ ഹോട്ടൽ, മീറ്റ്-ആൻഡ്-ഗ്രീറ്റ് സേവനങ്ങൾ തുടങ്ങി കുട്ടികളുടെ കളിസ്ഥലങ്ങൾ മുതലായവയും ഈ വിമാനത്താവളത്തിന്റെ സവിശേഷതകളിൽ ചിലതാണ്.
മഴവെള്ള സംഭരണവും മലിനജല പുനരുപയോഗ സംവിധാനങ്ങളും, എയർസൈഡ് പ്രവർത്തനങ്ങൾക്കായി ഇലക്ട്രിക് വാഹനനിര, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള നൂതനമായ റോക്ക്ഫിൽ നിർമ്മാണ സാങ്കേതിക വിദ്യ എന്നിവ നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിനെ ഒരു ഗ്രീൻ എയർപോർട്ടാക്കി മാറ്റുന്നതിന് സഹായകരമാകും. വാട്ടർ ടാക്‌സി വഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം കൂടിയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ വാണിജ്യ പ്രവർത്തനങ്ങൾ ഡിസംബർ 6 മുതൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ഒക്ടോബർ 8-9 തീയതികളിൽ മഹാരാഷ്ട്രയിലെത്തുന്ന പ്രധാനമന്ത്രി, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള സ്റ്റാർമറുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്.ആചാര്യ ആത്രേ ചൗക്ക് മുതൽ കഫെ പരേഡ് വരം നീളുന്ന മുംബൈ മെട്രോ ലൈൻ 3 ന്റെ രണ്ടാം ഘട്ട ഉദ്ഘാടനവും നരേന്ദ്രമോദി നിർവ്വഹിക്കും.
Discussion about this post