ലഖ്‌നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശ് പോലീസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണ്. ഓപ്പറേഷൻ ഖല്ലാസിന്റെ കീഴിൽ 48 മണിക്കൂറിനുള്ളിൽ 20 ഏറ്റുമുട്ടലുകൾ ആണ് ഉത്തർപ്രദേശ് പോലീസ് നടത്തിയത്. മീററ്റ് മുതൽ മുസാഫർനഗർ വരെ പോലീസ് ഏറ്റുമുട്ടലുകൾ നടന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലുടനീളം ‘ഓപ്പറേഷൻ ലാങ്ഡ’, ‘ഓപ്പറേഷൻ ഖല്ലാസ്’ എന്നിവയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. ഓപ്പറേഷൻ ലാങ്ഡയിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം ഉള്ളത്. കുറ്റവാളികൾ എതിർക്കുന്ന പക്ഷം കാലിൽ വെടി വയ്ക്കാവുന്നതാണ്. ‘ഓപ്പറേഷൻ ഖല്ലാസ്’ എന്നാൽ പ്രധാന കുറ്റവാളികളും കൊടും ക്രിമിനലുകളും ആയവരെ ഇല്ലാതാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. കുറ്റകൃത്യങ്ങൾക്കുള്ള ഏക ശിക്ഷ ഏറ്റുമുട്ടലുകൾ മാത്രമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നൽകിയിട്ടുള്ള നിർദ്ദേശം.
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു കോടി രൂപ കവർച്ച നടത്തിയ കേസിലെ പ്രതി നരേഷ് പോലീസ് വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടു. കൊള്ള മുതലുകൾ വീണ്ടെടുക്കാനുള്ള തെളിവെടുപ്പിനായി കൊണ്ടുപോകുന്ന സമയത്ത് ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ എഎസ്പി അനുജ് ചൗധരിയുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ചു. തുടർന്ന് മഖൻപൂർ പ്രദേശത്ത് വെച്ച് നരേഷും കൂട്ടാളികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. തുടർന്ന് പോലീസ് ഇയാളെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
Discussion about this post