തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര കലഹം.തെലങ്കാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പൊന്നം പ്രഭാകർ, തന്റെ സഹപ്രവർത്തകനും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്ലൂരി ലക്ഷ്മണിനെ ‘പോത്ത്’ എന്നും ‘ഒരു വിലയുമില്ലാത്ത ജീവിതം’ എന്നും വിളിച്ചെന്ന ആരോപണത്തെ തുടർന്നാണ് തർക്കം.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിക്കിടെയായിരുന്നു ഈ അധിക്ഷേപ പരാമർശം. കോൺഗ്രസിൽ ആഭ്യന്തര തർക്കത്തിലേക്ക് നയിച്ചതിന് പിന്നാലെ പരാമർശം പെട്ടെന്ന് ഒരു ജാതീയ വിവാദമായി വളരുകയും ചെയ്തു
മാഡിഗ സമുദായക്കാരനായ ലക്ഷ്മൺ ഇതിനെതിരെ ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ പ്രസ്താവനയും ഇറക്കി. തനിക്കുണ്ടായ കടുത്ത വേദന പ്രകടിപ്പിച്ച അദ്ദേഹം, പ്രഭാകർ ഔദ്യോഗികമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
മറ്റൊരു പട്ടികജാതി നേതാവായ വിവേക് വെങ്കടസ്വാമിയോട് സംസാരിക്കുന്നതിനിടെയാണ് പ്രഭാകർ വിവാദ പരാമർശം നടത്തിയതെന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ‘നമുക്ക് സമയത്തെക്കുറിച്ചറിയാം, ജീവിതത്തെക്കുറിച്ചറിയാം. ആ പോത്തിന് എന്ത് അറിയാം?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ക്ഷമാപണം നടത്തിയില്ലെങ്കിൽ അതിന്റെ ‘പ്രത്യാഘാതങ്ങൾക്ക്’ പ്രഭാകർ ഉത്തരവാദിയായിരിക്കുമെന്ന് ലക്ഷ്മൺ വ്യക്തമാക്കി.
Discussion about this post