പാകിസ്താൻ അസ്ഥിരതയുടെ വക്കിലാണെന്നും അവരുടെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ ‘ആഫ്റ്റർ മി, കയോസ്: ആസ്‌ട്രോളജി ഇൻ ദ മുഗൾ എംപയർ’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാകിസ്താന്റെ അനിശ്ചിതമായ ഭാവിയെ പരിഹസിച്ചും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രകീർത്തിച്ചുമാണ് പ്രതിരോധമന്ത്രിയുടെ ചടങ്ങിൽ ഉടനീളമുള്ള വാക്കുകൾ. നിലവിൽ ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. 2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. ഐഎംഎഫിന്റെ ശരാശരി വളർച്ചാ നിരക്ക് അനുസരിച്ച്, 2038-ഓടെ പിപിപി അടിസ്ഥാനത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് ഇന്ത്യ.ചില ദക്ഷിണേഷ്യൻ രാജ്യങ്ങളെ നോക്കിയാൽ, ഇന്ത്യ എത്രത്തോളം സുസ്ഥിരമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും.’ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കാരണം സമൂലമായ പരിഷ്‌കാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ദൈവത്തിന് മാത്രമേ ആ രാജ്യത്തെ കാത്തിരിക്കുന്ന ഭാവിയെപ്പറ്റി അറിയൂവെന്നും താൻ അതേക്കുറിച്ച് പറയുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.പാകിസ്താനെക്കുറിച്ചുള്ള അക്ബറിന്റെ മുൻകാല വിശകലനത്തെക്കുറിച്ചും പ്രതിരോധമന്ത്രി പരാമർശിച്ചു. അസ്ഥിരമെങ്കിലും തകരാതെ നിൽക്കുന്ന ഒരു ‘ജെല്ലി സ്റ്റേറ്റ്’ എന്ന് അക്ബർ വർഷങ്ങൾക്കുമുമ്പ് പാകിസ്താനെ വിശേഷിപ്പിച്ചത് അദ്ദേഹം ഓർമിപ്പിച്ചു.
Discussion about this post