ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) 2025 ലെ വ്യോമസേനാ ദിനം ആഘോഷിച്ചു. ഒക്ടോബർ 8 ന് ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ വിപുലമായ ആഘോഷങ്ങളോടെ ആണ് വ്യോമസേനാ ദിനം ആഘോഷിക്കപ്പെട്ടത്. ചടങ്ങിൽ ഇന്ത്യയുടെ അഭിമാനകരമായ യുദ്ധവിമാനങ്ങളുടെ പ്രത്യേക പ്രദർശനവും പ്രകടനവും നടന്നു.
വ്യോമസേനാ ദിന ആഘോഷത്തിന്റെ ഭാഗമായി മാർച്ച് പാസ്റ്റ്, റോയൽ ബാൻഡ് ട്രിബ്യൂട്ട്, ഫൈറ്റർ ജെറ്റ് ഡിസ്‌പ്ലേ, വ്യോമസേനാ ഉദ്യോഗസ്ഥരുടെ മറ്റ് പ്രകടനങ്ങൾ എന്നിവയും നടന്നു. റാഫേൽ, സുഖോയ് എസ് യു -30എംകെഐ, മിഗ്-29 എന്നീ യുദ്ധവിമാനങ്ങൾ പരേഡിൽ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂരിന്റെ നേട്ടങ്ങളും ഐഎഎഫ് പരേഡിൽ എടുത്തുകാട്ടി. വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി ഹിൻഡൺ വ്യോമതാവളത്തിൽ നടന്ന പരേഡിൽ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ് പ്രത്യേക സല്യൂട്ട് ഏറ്റുവാങ്ങി.
93-ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, എയർഫോഴ്‌സ് ചീഫ് എയർ ചീഫ് മാർഷൽ എ.പി. സിംഗ്, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, നേവി ചീഫ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവർ ദേശീയ യുദ്ധ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ വ്യോമസേന, കരസേന, നാവികസേന എന്നിവയുടെ മേധാവികൾക്കൊപ്പം സിഡിഎസും ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ വ്യോമതാവളങ്ങളിലൊന്നായ ഹിൻഡൺ എയർബേസിലാണ് ഈ വർഷത്തെ വ്യോമസേന ദിന പരേഡ് നടന്നത്. 2024-ൽ ചെന്നൈയിലും 2023-ൽ പ്രയാഗ്‌രാജിലും ആയിരുന്നു വ്യോമസേനാ ദിന പരേഡ് നടന്നിരുന്നത്. ഇന്ത്യയുടെ തദ്ദേശീയ നേത്ര എഇഡബ്ല്യു&സി, സി-17 ഗ്ലോബ്മാസ്റ്റർ III, തദ്ദേശീയമായി നിർമ്മിച്ച ആകാശ് ഉപരിതല-ടു-എയർ മിസൈൽ സംവിധാനം, സി-130ജെ ഹെർക്കുലീസ്, ലോങ്‌ബോ റഡാർ ഘടിപ്പിച്ച അപ്പാച്ചെ ഹെലികോപ്റ്ററുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, എസ്-ബാൻഡ് രോഹിണി റഡാർ എന്നിവയും വ്യോമസേന ദിന പ്രദർശനത്തിന്റെ ഭാഗമായി.
Discussion about this post