2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഉന്നത ഉദ്യോഗസ്ഥൻ.
ഗാൽവാൻ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ ചൈന ഒരു രഹസ്യ ആണവ സ്ഫോടന പരീക്ഷണം നടത്തിയതായി യുഎസ് ഡെപ്യൂട്ടി സെക്രട്ടറി തോമസ് ജി. ഡിനാനോ വെളിപ്പെടുത്തി. 2020 മെയ്-ജൂൺ മാസങ്ങളിൽ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. 40-ലധികം ചൈനീസ് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
“നൂറുകണക്കിന് ടൺ ആണവ സ്ഫോടനാത്മക പരീക്ഷണങ്ങൾ ഉൾപ്പെടെ ചൈന നടത്തിയിട്ടുണ്ട്. ഭൂകമ്പ നിരീക്ഷണത്തിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതിനുള്ള ഒരു രീതിയായ ഡീകൂപ്പിംഗ് ആണ് ചൈന തങ്ങളുടെ ആണവ പരീക്ഷണങ്ങൾ ലോകത്തിൽ നിന്ന് മറച്ചുവെക്കാനായി ഉപയോഗിച്ചത്. 2020 ജൂൺ 22 ന് ചൈന അത്തരമൊരു ആണവ പരീക്ഷണം നടത്തി,” എന്ന് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ തോമസ് ജി. ഡിനാനോ അറിയിച്ചു.
എന്നിരുന്നാലും, ഒരു ആണവ പരീക്ഷണം നടത്താൻ മാസങ്ങളുടെ ആസൂത്രണം ആവശ്യമായതിനാൽ, ഗാൽവാൻ വാലി ഏറ്റുമുട്ടലുമായി ഈ പരീക്ഷണങ്ങളെ അദ്ദേഹം നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. ഡിനാനോയുടെ അവകാശവാദം ചൈന നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. അമേരിക്ക തങ്ങളുടെ പ്രസ്താവനയിൽ ചൈനയുടെ ആണവ ഭീഷണിയെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അത്തരം തെറ്റായ പ്രസ്താവനകളെ ചൈന ശക്തമായി എതിർക്കുന്നുവെന്നും ചൈനീസ് അംബാസഡർ ഷെൻ ജിയാൻ അറിയിച്ചു.








