സ്റ്റോക്ഹോം : 2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ഓസ്ട്രേലിയ), ഒമർ എം. യാഗി (യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നീ മൂന്ന് ശാസ്ത്രജ്ഞർക്ക് ആണ് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരിക്കുന്നത്. ലോഹ-ഓർഗാനിക് ചട്ടക്കൂടുകളുടെ വികസനത്തിന് ആണ് ഈ ശാസ്ത്രജ്ഞർക്ക് പുരസ്കാരം നൽകുന്നതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ബുധനാഴ്ച പ്രഖ്യാപിച്ചു.
സുസുമു കിറ്റഗാവ ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നും, റിച്ചാർഡ് റോബ്സൺ ഓസ്ട്രേലിയയിലെ മെൽബൺ സർവകലാശാലയിൽ നിന്നും, ഒമർ എം. യാഗി യുഎസ്എയിലെ ബെർക്ക്‌ലിയിലുള്ള കാലിഫോർണിയ സർവകലാശാലയിൽ നിന്നുമുള്ള ശാസ്ത്രജ്ഞരാണ്. ലോഹ-ഓർഗാനിക് ചട്ടക്കൂടുകൾ (MOFs) സൃഷ്ടിക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയതിനാണ് പുരസ്കാരം.
കാർബണും ലോഹവും ചേർന്നതും രാസപ്രക്രിയകളെ പിന്തുണയ്ക്കുന്നതിനും, വാതകങ്ങളെ ബന്ധിപ്പിക്കുന്നതിനും, വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്നതുമായ ലോഹ-ജൈവ ചട്ടക്കൂടുകൾക്ക് നൽകിയ സംഭാവനകളാണ് ഈ മൂന്ന് ശാസ്ത്രജ്ഞർക്കും വലിയ നേട്ടമായി മാറിയത്. ആൽഫ്രഡ് നോബലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ ഈ ഗവേഷകർക്ക് ഔദ്യോഗികമായി പുരസ്കാര സമർപ്പണം നടത്തും.
വിജയികൾക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണ (ഏകദേശം 10.3 കോടി ഇന്ത്യൻ രൂപ), ഒരു സ്വർണ്ണ മെഡൽ, ഒരു സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
Discussion about this post