ഗസ വെടിനിർത്തൽ കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാന പദ്ധതി, ബന്ദികളുടെ മോചനവും മാനുഷിക സഹായവും സമാധാനത്തിന് വഴിയൊരുക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘പ്രസിഡന്‍റ് ട്രംപിന്‍റെ സമാധാന പദ്ധതിയുടെ ആദ്യഘട്ട കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണിത്’ -മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ബന്ദി മോചനവും ഗസ്സയിലെ ജനങ്ങൾക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള തീരുമാനവും വലിയ ആശ്വാസം നൽകുന്നതും മേഖലയിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുന്നതുമാണെന്നും മോദി പ്രതീക്ഷ പങ്കുവെച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിനും സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതിനുമായി അമേരിക്കയും ഖത്തറും മധ്യസ്ഥത വഹിക്കുന്ന കരാറിൽ ഇസ്രായേലും ഹമാസും സമ്മതിച്ചതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രസ്താവന.
Discussion about this post