ലഖ്‌നൗ : ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതി. 2027 ൽ ഉത്തർപ്രദേശിൽ ബിഎസ്പി വീണ്ടും കേവല ഭൂരിപക്ഷത്തോടെ ഒരു സർക്കാർ രൂപീകരിക്കുമെന്നും മായാവതി സൂചിപ്പിച്ചു. പാർട്ടി സ്ഥാപകൻ കാൻഷി റാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് ലഖ്‌നൗവിലെ കാൻഷി റാം സ്ഥലിൽ നടക്കുന്ന മെഗാ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടന സംരക്ഷിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടി ബിഎസ്പി മാത്രമാണ് എന്നും മായാവതി തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ ബിഎസ്പി ഒരു സഖ്യ സർക്കാർ രൂപീകരിച്ചപ്പോഴെല്ലാം, സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയും അകാലത്തിൽ വീഴുകയും ചെയ്തു, അതിനാൽ ഇത്തവണ ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ച് കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും. തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നതിനായി ബിഎസ്പി അനുയായികൾ ബൂത്ത് തലത്തിൽ ചെറിയ മീറ്റിംഗുകൾ നടത്തുകയും ഉത്തർപ്രദേശിൽ ബിഎസ്പി നാല് തവണ അധികാരത്തിലിരുന്നതിന്റെ നേട്ടങ്ങൾ എടുത്തുകാണിക്കുകയും ചെയ്യണമെന്നും മായാവതി ആവശ്യപ്പെട്ടു.
മറ്റു പാർട്ടികളെപ്പോലെ പണം നൽകിയല്ല തങ്ങൾ ആളുകളെ റാലിക്ക് എത്തിക്കുന്നത് എന്നും മായാവതി അഭിപ്രായപ്പെട്ടു. ഈ റാലിയിൽ എത്തിച്ചേർന്നിരിക്കുന്ന ആൾക്കാർ എല്ലാവരും സ്വന്തമായി കഠിനാധ്വാനം ചെയ്ത പണംകൊണ്ടാണ് എത്തിയിരിക്കുന്നത്. ജാതി പാർട്ടികൾ ഭരണഘടന മാറ്റാൻ നിരന്തരം ശ്രമിക്കാറുണ്ടെന്നും എന്നാൽ എത്ര തന്നെ സമരം നടത്തിയാലും അത് ചെയ്യാൻ ഞങ്ങൾ അവരെ അനുവദിക്കില്ലെന്നും മായാവതി പറഞ്ഞു.
Discussion about this post