തായ്പേയ് : ചൈനയുടെ ഭീഷണികൾ നേരിടാൻ പുതിയ വ്യോമ പ്രതിരോധ സംവിധാനവുമായി തായ്‌വാൻ. ‘ടി-ഡോം’ എന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം തായ്‌വാൻ പ്രസിഡന്റ് വില്യം ലായ് അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ചൈനയെ പേരെടുത്ത് വിമർശിച്ചില്ലെങ്കിലും, തായ്‌വാന്റെ സമുദ്ര മേഖലകളിലേക്കും വ്യോമ മേഖലകളിലും കടന്നു കയറുന്ന ശത്രു ഭീഷണികളെ നേരിടാനാണ് ഈ പുതിയ പ്രതിരോധ സംവിധാനം എന്ന് തായ്‌വാൻ പ്രസിഡണ്ട് വ്യക്തമാക്കി.
2025 ഒക്ടോബർ 10-ന് തായ്‌വാനിലെ തായ്‌പേയിലുള്ള പ്രസിഡൻഷ്യൽ കെട്ടിടത്തിന് മുന്നിൽ നടന്ന ദേശീയ ദിനാഘോഷങ്ങളിൽ വെച്ചാണ് തായ്‌വാൻ പ്രസിഡന്റ് പുതിയ വ്യോമ പ്രതിരോധ സംവിധാനത്തെ കുറിച്ച് വ്യക്തമാക്കിയത്. ടി-ഡോം എന്നത് ഒരു പുതിയ മൾട്ടി-ലെയേർഡ് വ്യോമ പ്രതിരോധ സംവിധാനമാണ്. ഇതിന് വിവിധതരം ഹ്രസ്വ-ദൂര ആയുധങ്ങളെ തടയാനും എല്ലാത്തരം കാലാവസ്ഥയിലും പ്രവർത്തിക്കാനും കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്.
അടുത്ത വർഷം തങ്ങളുടെ പ്രതിരോധ ചെലവ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3%-ത്തിലധികമായും 2030 ആകുമ്പോഴേക്കും 5%-ലധികമായും വർദ്ധിപ്പിക്കുമെന്ന് വെള്ളിയാഴ്ച ദേശീയ ദിനത്തോടനുബന്ധിച്ച് സംസാരിക്കവെ ലായ് പറഞ്ഞു. ചൈന ഒരു പ്രധാന ലോകശക്തി എന്ന നിലയിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, തായ്‌വാൻ കടലിടുക്കിൽ നടത്തുന്ന ബലപ്രയോഗം അവസാനിപ്പിക്കണമെന്നും തായ്‌വാൻ പ്രസിഡണ്ട് വ്യക്തമാക്കി.
Discussion about this post