ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം. ദേര ഇസ്മായിൽ ഖാനിലെ പോലീസ് പരിശീലന കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലേക്ക് വൻതോതിൽ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റിയും വെടിവെപ്പ് നടത്തിയും ആണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഏഴ് പോലീസുകാർ കൊല്ലപ്പെടുകയും 13 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ട്രക്ക് ഇടിച്ചു കയറ്റി സ്ഫോടനം നടത്തിയ ശേഷം നിമിഷങ്ങൾക്കുള്ളിൽ, വ്യത്യസ്ത യൂണിഫോമുകൾ ധരിച്ച അക്രമികൾ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി തുടർച്ചയായി വെടിവെപ്പും നടത്തി. ഏറ്റുമുട്ടലിനിടെ ഗ്രനേഡുകൾ എറിഞ്ഞും ആക്രമണം ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
അതേസമയം തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ആണ് ആക്രമണത്തിന് പിന്നിൽ എന്ന് പാകിസ്താൻ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം പാകിസ്താൻ കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് പോലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേ മേഖലയിൽ വെച്ച് തന്നെയാണ് ടിടിപി നടത്തിയ ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിലെ ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും കൊല്ലപ്പെട്ടിരുന്നത്.
Discussion about this post