ന്യൂഡൽഹി : കാലം മാറുന്നതിനനുസരിച്ച് കാർഷിക മേഖലയിലും മാറ്റങ്ങൾ വരുത്തുന്നതിനായി രണ്ട് സുപ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജന (പിഎം-ഡിഡികെവൈ), പയർവർഗ്ഗങ്ങളിലെ ആത്മനിർഭർതയ്ക്കുള്ള 11,440 കോടി രൂപയുടെ പയർ വർഗ്ഗ സ്വാശ്രയ ദൗത്യം എന്നീ രണ്ട് പദ്ധതികളാണ് പ്രധാനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ച പ്രത്യേക കാർഷിക പരിപാടിയിലാണ് പ്രധാനമന്ത്രി ഈ പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
ഈ പദ്ധതികൾ ലക്ഷക്കണക്കിന് കർഷകരുടെ വിധി മാറ്റിമറിക്കുന്നതാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, സംഭരണ ശേഷി മെച്ചപ്പെടുത്തുക, കർഷകർക്ക് വായ്പ നൽകുക എന്നീ വിഷയങ്ങളിലാണ് ഈ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഭ്യന്തര, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി കർഷകരോട് ആഹ്വാനം ചെയ്തു. 2047 ഓടെ വികസിത ഇന്ത്യ (വിക്ഷിത് ഭാരത്) എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ കർഷകർക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധന്യ കൃഷി യോജനയിലൂടെ കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര കൃഷി രീതികൾ സ്വീകരിക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിനു ശേഷമുള്ള സംഭരണ ശേഷി വർദ്ധിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തിരഞ്ഞെടുത്ത 100 ജില്ലകളിൽ ദീർഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. മൂന്ന് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി ധൻ-ധന്യ കൃഷി യോജനയ്ക്കായി 100 ജില്ലകളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒന്നാമതായി, കൃഷിയിടത്തിന്റെ വിളവ്. രണ്ടാമതായി, ഒരു വയലിൽ എത്ര തവണ കൃഷി ചെയ്യുന്നു. മൂന്നാമതായി, കർഷകർക്ക് വായ്പകളുടെയോ നിക്ഷേപങ്ങളുടെയോ ലഭ്യത എന്നിവയാണ് മാനദണ്ഡം ആയി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post