ഷിംല : ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ആ തീരുമാനത്തിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആത്യന്തികമായ വില നൽകേണ്ടിവന്നു. തന്റെ ജീവൻ തന്നെയാണ് അവർക്ക് പകരം നൽകേണ്ടി വന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷോട്ട് യു, മാഡം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കവെയാണ് ചിദംബരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തിയതെങ്കിലും പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ തുരത്താനുള്ള ഒരു തെറ്റായ മാർഗം ആയിരുന്നു അത്. എന്നാൽ ആ തീരുമാനത്തിന് ഇന്ദിരാഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ആരംഭിക്കാനുള്ള തീരുമാനം സൈന്യം, പോലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവ ഉൾപ്പെട്ട ഒരു കൂട്ടായ തീരുമാനമായിരുന്നു”,
“എല്ലാ തീവ്രവാദികളെയും പിടികൂടാനും തിരിച്ചുപിടിക്കാനും ഒരു വഴിയുണ്ടായിരുന്നു. പക്ഷേ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ വഴിയായിരുന്നു. സുവർണ്ണ ക്ഷേത്രം വീണ്ടെടുക്കാൻ സൈന്യത്തെ മാറ്റി നിർത്തണമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ അകറ്റി നിർത്തി സുവർണ്ണ ക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം ഞങ്ങൾ കാണിച്ചുതന്നു” എന്നും പി ചിദംബരം വ്യക്തമാക്കി.
Discussion about this post