തന്റെ പരിശീലക കരിയറിൽ നേരിട്ട ഏറ്റവും വലിയ വിഷമം വെളിപ്പെടുത്തി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരായ ഹോം ടെസ്റ്റ് പരമ്പര 3-0ന് പരാജയം വഴങ്ങിയതാണ് തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചു സംഭവമെന്ന് ഗൗതം ഗംഭീർ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ന്യൂസിലൻഡിനെതിരായ ആ തോൽവി ഒരു ഞെട്ടലായിരുന്നു. ഇപ്പോഴും അത് മനസ്സിൽ നിന്നും പോയിട്ടില്ല. ഒരു പരിശീലകനെന്ന നിലയിൽ എനിക്ക് അത് ഒരിക്കലും മറക്കാൻ കഴിയില്ല, മറക്കാൻ പാടില്ല. ഞാൻ അത് എന്റെ കളിക്കാരെയും ഇടയ്ക്ക് ഓർമിപ്പിക്കാറുണ്ട്. മുന്നിലേക്ക് തന്നെയാണ് നമ്മൾ നോക്കേണ്ടത്. പക്ഷേ ചിലപ്പോഴൊക്കെ നമ്മുടെ ഭൂതകാലത്തിലേക്ക് നോക്കേണ്ടതും വളരെ പ്രധാനമാണ്. ”
നിങ്ങൾ ഒരിക്കലും ഒന്നും നിസ്സാരമായി കാണരുത്. ന്യൂസിലൻഡിനെതിരെ, നമുക്ക് അവരെ മറികടക്കാൻ കഴിയുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ നമുക്ക് ജയിക്കാനായില്ല. ന്യൂസിലൻഡിനെതിരെ സംഭവിച്ചത് എപ്പോഴും ഇന്ത്യൻ ഡ്രസ്സിങ് റൂം ഓർത്തുകൊണ്ടിരിക്കണം. അപ്പോൾ ഏത് എതിർടീമിനെതിരെ ഇറങ്ങുമ്പോഴും ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ പോരാടാൻ ആ അനുഭവം നമ്മളെ പ്രേരിപ്പിക്കും.” അദ്ദേഹം പറഞ്ഞു.
2025–27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഗംഭീറിന് കീഴിൽ ഇന്ത്യ ഇതിനകം നല്ല തുടക്കം കുറിച്ചു. 1-2 ന് പിന്നിലായിരുന്ന ശേഷം, ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നേടിയ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കാൻ അവർക്ക് കഴിഞ്ഞു, തുടർന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നിംഗ്‌സിനും 140 റൺസിനും ജയിച്ചു ആധിപത്യം തുടരുന്നു.
Discussion about this post