ലഖ്‌നൗ : ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് എതിരെ ഉത്തർപ്രദേശ് സർക്കാർ കനത്ത നടപടികളിലേക്ക് നീങ്ങിയതിൽ പൊട്ടിത്തെറിച്ച് സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘നുഴഞ്ഞുകയറ്റക്കാരൻ’ എന്ന് വിളിച്ച് അഖിലേഷ് യാദവ് അധിക്ഷേപിച്ചു. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുന്നതിനു മുൻപ് ആദ്യം യോഗി ആദിത്യനാഥ് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകട്ടെ എന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ ഈ പ്രസ്താവന. “നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുകയാണെങ്കിൽ ആദ്യം യോഗി ആദിത്യനാഥിനെ ആണ് ഉത്തർപ്രദേശിൽ നിന്നും പുറത്താക്കേണ്ടത്. അദ്ദേഹം ഉത്തരാഖണ്ഡ് സംസ്ഥാനത്തു നിന്നും ഉള്ള ആളാണ്. യോഗി ആദ്യം സ്വന്തം സംസ്ഥാനത്തേക്ക് തന്നെ തിരിച്ചു പോകട്ടെ” എന്നും അഖിലേഷ് യാദവ് പരാമർശിച്ചു.
റാം മനോഹർ ലോഹ്യയുടെ ചരമവാർഷിക ദിനത്തിൽ ഞായറാഴ്ച ലഖ്‌നൗവിലെ ലോഹ്യ പാർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അഖിലേഷ് യാദവ് ഈ വിവാദ പ്രസ്താവന നടത്തിയത്. ബിജെപിയുടെ കയ്യിലുള്ളതെല്ലാം വ്യാജ സ്ഥിതിവിവര കണക്കുകൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി അവരുടെ പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്നുള്ള വാദം ഉയർത്തുന്നത് എന്നും അഖിലേഷ് യാദവ് ആരോപിച്ചു.
Discussion about this post