മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത് ലാവലിൻ കേസിലെന്ന് സ്ഥിരീകരണം. രണ്ടു വർഷം മുമ്പാണ് വിവേക് കിരൺ വിജയന് ഇഡി മൊഴിയെടുക്കുന്നതിനായി സമൻസ് അയച്ചത്. ലാവലിൻ കേസിലെ കള്ളപ്പണം വെളിപ്പിക്കൽ പരാതിയുടെ അന്വേഷണത്തിൻറെ ഭാഗമായിട്ടായിരുന്നു സമൻസ്.
2023ലാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി വിവേക് വിജയന് ഇഡി സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് 2020ൽ അന്വേഷണം ആരംഭിച്ചത്. 2021ൽ ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാറിൻറെ മൊഴിയെടുത്തിരുന്നു.
ഇതിനിടെയാണ് സമൻസ് ഉണ്ടെന്ന് എംഎ ബേബി സ്ഥിരീകരിച്ചത്. സംഭവം വിവാദമായതോടെ പരാമർശത്തിൽ നിന്ന് എംഎ ബേബി മലക്കം മറിഞ്ഞു.സമൻസ് അയച്ചോയെന്ന് ഇപ്പോഴും അറിയില്ല. സമൻസിൽ തുടർനടപടി സ്വീകരിച്ചില്ല എന്നതിന് അർത്ഥം കഴമ്പില്ല എന്നാണ്. വാർത്ത അസംബന്ധമെന്ന് തെളിഞ്ഞു. സമൻസ് അയച്ചെങ്കിൽ തെളിയിക്കേണ്ടത് വാർത്ത നൽകിയ പത്രമാണെന്നും എംഎ ബേബി പറയുന്നു.
അതിനിടെ മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര പരാതി നൽകി. കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കുമാണ് പരാതി നൽകിയത്.
Discussion about this post